നീറ്റ്, ജെഇഇ പരീക്ഷ: കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ ഹാജരാക്കണം

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ തീരുമാനിച്ചു. കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ ഹാജരാക്കണമെന്ന് പ്രോട്ടോക്കോളില്‍ പറയുന്നു. പരീക്ഷാ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയാണ് പ്രോട്ടോക്കോള്‍ തയ്യാറാക്കിയിരിക്കുന്നത്.

ശരീര ഊഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സജ്ജീകരണം ഒരുക്കും. ശരീര പരിശോധനയും ഒഴിവാക്കും. പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഗ്ലൗസുകള്‍, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും. മാസ്‌ക് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം. അധ്യാപകര്‍ മാസ്‌കിനൊപ്പം ഗ്ലൗസും ധരിക്കണം. പരീക്ഷാ ഹാളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കുടിവെള്ളം ലഭ്യമാക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരീക്ഷ മാറ്റുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് പരീക്ഷയ്ക്കുള്ള പ്രോട്ടോക്കോള്‍ തയ്യാറാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular