നടാഷ–പാണ്ഡ്യ ചുംബന ചിത്രം നീക്കി ഇൻസ്റ്റഗ്രാം; ചോദ്യം ചെയ്തപ്പോൾ ‘തിരിച്ചിട്ടു’!

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഭാര്യയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാൻകോവിച്ചിനെ ചുംബിക്കുന്ന ചിത്രം നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. ‘കമ്യൂണിറ്റി ഗൈഡ്‌ലൈൻസിന് വിരുദ്ധ’മാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇൻസ്റ്റഗ്രാം ചിത്രം നീക്കിയത്. പാണ്ഡ്യ നടാഷയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രമാണിത്. ഈ ചിത്രം നീക്കിയതായി അറിയിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാമിന്റെ അറിയിപ്പ് സഹിതം നടാഷ വീണ്ടും പോസ്റ്റിട്ടതോടെ ആദ്യം ‘അപ്രത്യക്ഷ’മായ ചിത്രം തിരിച്ചെത്തി.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിനായി ടീമിനൊപ്പം യുഎഇയിലേക്കു പോകുന്നതിന് വീടു വിട്ടതിനു പിന്നാലെയാണ് #alreadymissyou എന്ന ഹാഷ്ടാഗ് സഹിതം ചുംബന ചിത്രം നടാഷ പോസ്റ്റ് ചെയ്തത്. ചിത്രം നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ‘കമ്യൂണിറ്റി ഗൈഡ്‌ലൈൻസിന് വിരുദ്ധ’മാണെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം ചിത്രം നീക്കിയത്.

ചിത്രം നീക്കുന്നതിനുള്ള കാരണമായി പ്രത്യക്ഷപ്പെട്ട സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതം വീണ്ടും പോസ്റ്റിട്ടതോടെ രംഗം മാറി. ‘ഇത് ശരിക്കും ഉള്ളതാണോ?’ എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. ഇതോടെ നടാഷ പോസ്റ്റ് ചെയ്ത ചിത്രം അവരുടെ പേജിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു.

കഴിഞ്ഞ മാസം 30ന് പാണ്ഡ്യ–നടാഷ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നിരുന്നു. ‘അഗസ്ത്യ’ എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഈ വർഷം യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനായി കഴിഞ്ഞ ദിവസമാണ് പാണ്ഡ്യ മുംബൈയിലേക്ക് പോയത്. മുംബൈ ഇന്ത്യൻസ് താരമായ പാണ്ഡ്യ, അവിടെയെത്തി പരിശീലനം പുനരാരംഭിച്ചതിന്റെ ചിത്രവും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7