സമൂഹമാധ്യമത്തിൽ 2 വരിയെഴുതി പോകേണ്ട ആളാണോ ധോണി? ഒരു ‘പാക്ക് ചോദ്യം’! ധോണിക്ക് വേണ്ടി ഒരു വിരമിക്കൽ മത്സരം സംഘടിപ്പിക്കണം

ഇസ്‍ലാമാബാദ്: വിരമിക്കൽ മത്സരത്തിനുപോലും കാത്തുനിൽക്കാതെ രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മഹേന്ദ്രസിങ് ധോണിക്കായി ശബ്ദമുയർത്തി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ രംഗത്ത്. ക്രിക്കറ്റിന് ധോണി നൽകിയ സംഭാവനകളെ പുകഴ്ത്തിയ അക്‌തർ, അദ്ദേഹത്തിനായി നല്ലൊരു യാത്രയയപ്പ് ഒരുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് (ബിസിസിഐ) അഭ്യർഥിച്ചു. ശനിയാഴ്ച വൈകീട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സഹിതമുള്ള രണ്ടു വാചകങ്ങളിലാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ മുൻ ക്യാപ്റ്റനുവേണ്ടി ഒരു വിരമിക്കൽ മത്സരമെങ്കിലും സംഘടിപ്പിക്കണമെന്നാണ് ബിസിസിഐയ്ക്കു മുന്നിൽ അക്തറിന്റെ ആവശ്യം. ഒരു കാലഘട്ടത്തിന്റെ തന്നെ പേരാണ് ധോണിയെന്ന് അക്തർ ചൂണ്ടിക്കാട്ടി.

‘എം.എസ്. ധോണിക്ക് മികച്ചൊരു യാത്രയയപ്പ് ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, ധോണിക്ക് വേണ്ടത് അതല്ലെന്നു തോന്നുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയെന്ന സ്വപ്നം പൂവണിഞ്ഞതോടെ എല്ലാമായി. അതും കടന്ന് ഇന്ത്യയെ നയിക്കാനും അദ്ദേഹം അവസരം ലഭിച്ചില്ലേ’ – തന്റെ യൂട്യൂബ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ വിഡിയോയിൽ അക്തർ അഭിപ്രായപ്പെട്ടു.

‘ആളുകൾ നിർബന്ധിച്ച് പറഞ്ഞയയ്ക്കുന്നതിനു മുൻപുതന്നെ നമുക്ക് ഇഷ്ടമുള്ള സമയത്ത് കളി നിർത്താൻ സാധിക്കുന്നത് തീർച്ചയായും വലിയൊരു കാര്യമാണ്. ക്രിക്കറ്റ് താരങ്ങളെ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകളാണ് ഇന്ത്യക്കാർ. അനുഭവത്തിൽനിന്ന് ഞാൻ മനസ്സിലാക്കിയ സംഗതിയാണത്’ – അക്തർ പറഞ്ഞു.

‘ധോണിക്ക് അദ്ദേഹം അർഹിക്കുന്ന യാത്രയയപ്പ് ഉറപ്പാക്കുന്നതിന് ഒരു വിരമിക്കൽ മത്സരം സംഘടിപ്പിക്കണം. ഇപ്പോഴത്തെ പ്രതിസന്ധിയെല്ലാം മാറിക്കഴിഞ്ഞ് നല്ല രീതിയിൽ ഒരു വിരമിക്കൽ മത്സരം നടത്തി അതിൽ കളിക്കാൻ ബിസിസിഐ ധോണിയോട് ആവശ്യപ്പെടണം. കാരണം, സമൂഹമാധ്യമത്തിൽ രണ്ടുവരി എഴുതി കളമൊഴിയേണ്ട താരമല്ല ധോണി. ഏറ്റവും ബഹുമാനത്തോടെ തന്നെ ഇന്ത്യ ധോണിയെ യാത്രയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ കഴിവും അനുഭവവും ഏതെങ്കിലും വിധത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഉപയോഗപ്പെടുത്തുമെന്നാണ് എന്റെ പ്രതീക്ഷ’ – അക്തർ പറഞ്ഞു.

2004–05 കാലഘട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനിൽ പര്യടനത്തിന് എത്തിയപ്പോൾ ധോണിക്കൊപ്പമുള്ള അനുഭവങ്ങളും അക്തർ പങ്കുവച്ചു. ‘2004ൽ പാക്കിസ്ഥാനിൽ പര്യടനത്തിന് വന്നപ്പോൾ പ്രസിഡന്റ് പർവേസ് മുഷറഫ് ധോണിയുടെ നീണ്ട മുടിയെ പുകഴ്ത്തിയിരുന്നു. അന്ന് എല്ലാവരുടെയും മുന്നിൽവച്ചാണ് ധോണിയോടുള്ള ഇഷ്ടം അദ്ദേഹം തുറന്നുപറഞ്ഞത്. ധോണിയോട് മുടി മുറിക്കരുതെന്ന് അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ധോണി മുടി മുറിച്ചു’ – അക്തർ പറഞ്ഞു.

‘അക്കാലത്ത് ബൈക്കുകളെ പ്രണയിക്കുന്ന ഒരു യുവാവായിരുന്നു ധോണി. എന്റെ കൂടെ ഒരു ബൈക്ക് സവാരിക്ക് പുറത്തുപോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ, എനിക്കന്ന് പോകാൻ കഴിഞ്ഞില്ല. തിരക്കുമൂലം ഒപ്പം ചെല്ലാൻ സാധിക്കാതെ പോയതിന് ഞാൻ ക്ഷമ പറയുകയും ചെയ്തിരുന്നു.‘

‘അന്ന് ഫൈസലാബാദിൽവച്ച് നടന്നൊരു സംഭവം എനിക്ക് ഓർമയുണ്ട്. ആ മത്സരത്തിൽ ഞാൻ മികച്ച ഫോമിലാണ് പന്തെറിഞ്ഞിരുന്നത്. ഏതു ബാറ്റ്സ്മാനെയും പുറത്താക്കാമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ, ആ ഫ്ലാറ്റ് വിക്കറ്റിൽ ബാറ്റിങ്ങിനെത്തിയ ധോണി എന്നെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു. അന്ന് ധോണിക്ക് മുന്നിൽ പതറിപ്പോയ എനിക്ക് എന്താണ് ചെയ്യേണ്ടതെന്നു പോലും മനസ്സിലായില്ല.’

‘ആ മത്സരത്തിൽ ഞാൻ ഒട്ടേറെ ബൗണ്‍സറുകൾ എറിഞ്ഞുനോക്കി. അന്ന് സച്ചിനെപ്പോലും ഔട്ടാക്കാൻ കഴിഞ്ഞെങ്കിലും ധോണിയെ എനിക്ക് നിയന്ത്രിക്കാനായില്ല. അങ്ങനെ വന്നപ്പോഴാണ് മുൻപ് ഞാൻ വെളിപ്പെടുത്തിയിരുന്നതുപോലെ അദ്ദേഹത്തിനെതിരെ ബീമർ എറിയേണ്ടി വന്നത്. അതിന് ഞാൻ ക്ഷമയും പറഞ്ഞിരുന്നു.’

‘ആരാണ് ബോൾ ചെയ്യുന്നതെന്നുപോലും നോക്കാതെ അടിച്ചുതകർക്കുന്നതാണ് ധോണിയുടെ ശൈലി. അത്ര കരളുറപ്പാണ് അദ്ദേഹത്തിന്. തനിക്ക് ചെയ്യാനാകുന്നത് എന്തെല്ലാമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഞാനുള്‍പ്പെടെയുള്ള പേസ് ബോളർമാർക്കെതിരെ യാതൊരു കൂസലുമില്ലാതെ അദ്ദേഹം ബാറ്റിങ്ങിന് നിൽക്കുന്നത് കാണുമ്പോഴേ അറിയാം, ആ നിർഭയത്വം. കളത്തിലെത്തുന്നു, മത്സരം തീർക്കുന്നു എന്നതായിരുന്നു ധോണിയുടെ രീതി’ – അക്തർ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment