അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും കൂള്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം. അതേ ഞെട്ടലില്‍ തന്നെയായിരുന്നു ധോണിയെ സ്‌നേഹിക്കുന്ന ആരാധകരും. ധോണിയുടെ ഈ വിടവാങ്ങല്‍ തന്റെ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചു എന്ന് പറയുകയാണ് നടന്‍ മാധവന്‍.
‘സഹോദരാ നിങ്ങളെന്നും ഒരേ സമയം സ്‌റ്റൈലിഷും വിനയമുള്ളവനുമാണ്. ഞാനെന്നും നിങ്ങളെ ആരാധിച്ചിരുന്നു. ഈ വിടവാങ്ങല്‍ ശൈലി എന്റെ ഹൃദയത്തെ വല്ലാതെ തൊട്ടു. എത്ര ഉചിതമായ ഗാനമാണ് നിങ്ങള്‍ തിരഞ്ഞെടുത്തത്. ഞാന്‍ ഒരേസമയം കരയുകയും ചിരിക്കുകയുമായിരുന്നു. നിങ്ങളുടെ ജീവിതത്തിലെ അടുത്ത ഘട്ടത്തിന് ദൈവം അനു ഗ്രഹിക്കട്ടെ. ഈ വര്‍ഷം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി, പക്ഷേ ഇത് കനത്ത പ്രഹരമായി..ക്രിക്കറ്റ് എനിക്കിനി ഒരിക്കലും പഴയത് പോലാകില്ല’. ധോണിക്കും ഒപ്പം വിരമിച്ച സുരേഷ് റെയ്‌നക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് മാധവന്‍ കുറിച്ചു.
സ്വാതന്ത്രൃ ദിനത്തിന്റെ അന്നാണ് താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. ”നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക,” എന്നാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനമായി ധോണി ഇന്‍സ്റ്റാ ഗ്രാമില്‍ കുറിച്ചത്.
ഇതിന് പിന്നാലെ സഹതാരം സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ”ധോണി, നിങ്ങളുടെ കൂടെ കളിക്കുന്നത് മനോഹരമായിരുന്നു. ഈ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുകയെന്ന മാര്‍ഗം ഞാന്‍ തിരഞ്ഞെടുക്കുന്നു, ഹൃദയം നിറഞ്ഞ അഭിമാനത്തോടെ. നന്ദി ഇന്ത്യ . ജയ് ഹിന്ദ്, ‘ റെയ്‌ന ഇന്‍സ്റ്റാ ഗ്രാമില്‍ കുറിച്ചു.