3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി യുഎസില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷ ഭാട്ടിയയുടെ മരണത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ബുലന്ദ്ഷഹര്‍ (യുപി) : ദാരിദ്ര്യത്തിനെതിരെ പോരാടി 3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി യുഎസില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷ ഭാട്ടി (20) ബൈക്ക് അപകടത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം നാട്ടിലെത്തിയ സുദീക്ഷ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ഓഗസ്റ്റ് പത്തിനുണ്ടായ അപകടത്തിലാണു മരിച്ചത്

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ദീപക് ചൗധരി, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. പ്രതികളുടെ ഉദ്ദേശ്യമെന്തായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അജ്ഞാതരായ രണ്ട് ബൈക്ക് യാത്രക്കാര്‍ സുദീക്ഷയുടെ ഇരുചക്ര വാഹനത്തെ പിന്തുടര്‍ന്ന് ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടു മരിക്കാന്‍ ഇതാണു കാരണമായതെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവം വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം.

മാതൃസഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ രണ്ടു യുവാക്കള്‍ സുദീക്ഷയെ പിന്തുടര്‍ന്നുവെന്നും അവരില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അപകടം സംഭവിച്ചതെന്നും ബന്ധു ഓംകാര്‍ ഭാട്ടി ആരോപിച്ചു. കുടുംബം വസ്തുതകള്‍ വളച്ചൊടിച്ചെന്നു വിലയിരുത്തിയ പൊലീസ്, ആരെങ്കിലും ഉപദ്രവിച്ചതിനു തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണു പറഞ്ഞിരുന്നത്. സുദീക്ഷയുടെ ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണോ നടന്നതെന്നതു സംശയമുള്ളതായും പൊലീസ് സൂചിപ്പിച്ചിരുന്നു.

രണ്ടുവര്‍ഷം മുമ്പ് 98% മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ഒന്നാമതെത്തിയ സുദീക്ഷ, യുഎസ് മാസച്ചുസിറ്റ്‌സിലെ പ്രശസ്തമായ ബാബ്സന്‍ കോളജില്‍ ഫുള്‍ സ്‌കോളര്‍ഷിപ്പ് നേടി പഠിക്കുകയായിരുന്നു. ഗ്രാമത്തില്‍നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ചുരുക്കം പെണ്‍കുട്ടികളില്‍ ഒരാളാണ്. ഓഗസ്റ്റ് 20ന് തിരികെ യുഎസിലേക്കു പോകാന്‍ തീരുമാനിച്ചിരിക്കെയാണ് സുദീക്ഷയുടെ അകാലമരണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7