വാഷിങ്ടന്‍: യുഎസ് ഇന്റലിജന്‍സ് സംവിധാനങ്ങളെ ഞെട്ടിച്ച വിവര ചോര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച മുന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ജീവനക്കാരന്‍ എഡ്വേഡ് സ്‌നോഡന് മാപ്പ് നല്‍കുന്നത് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും യുഎസ് രഹസ്യാന്വേഷണ സംഘടനകള്‍ േചാര്‍ത്തുന്നുവെന്ന വിവരം പുറത്തു വിട്ട് 2013ലായിരുന്നു സ്‌നോഡന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍. നിലവില്‍ റഷ്യയില്‍ താമസിക്കുന്ന സ്‌നോഡന്‍, ന്യായമായ വിചാരണ അനുവദിക്കുകയാണെങ്കില്‍ യുഎസിലേക്ക് മടങ്ങാന്‍ തയാറാണെന്നു പറഞ്ഞിരുന്നു.
സ്‌നോഡന് മാപ്പ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. സ്‌നോഡന്റെ അവസ്ഥയെക്കുറിച്ച് തനിക്ക് അത്ര അറിവില്ലെന്നും എന്നാല്‍ അതു പരിശോധിക്കാന്‍ താന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘സ്‌നോഡനെ വ്യത്യസ്തമായി പരിഗണിക്കണമെന്ന് പലരും കരുതുന്നു. യുഎസ് കൃത്യമായി അദ്ദേഹത്തിന്റെ കാര്യം പരിഗണിക്കുന്നില്ലെന്നു പറയുന്നുവരുമുണ്ട്. മറ്റുള്ളവര്‍ അദ്ദേഹം വളരെ മോശമായ കാര്യങ്ങള്‍ ചെയ്തുവെന്ന് കരുതുന്നു. ഞാന്‍ ഇക്കാര്യം പരിശോധിക്കും’ ട്രംപ് പറഞ്ഞു
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്‌നോഡന്‍ രാജ്യദ്രോഹിയാണെന്നും താന്‍ പരുഷമായി പെരുമാറുമെന്നു കരുതുന്നതായും ട്രംപ് പറഞ്ഞിരുന്നു. ‘എന്തുകൊണ്ട് ഇയാളെ വധശിക്ഷയ്ക്കു വിധേയനാക്കിയില്ല’ എന്നും ഒരു ഘട്ടത്തില്‍ ട്രംപ് ചോദിച്ചിരുന്നു. എന്നാല്‍ ഒബാമയുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌നോഡന്‍ പുറത്തുവിട്ടാല്‍ താന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറിയേക്കാമെന്നും അന്ന് ട്രംപ് പറഞ്ഞു. ഒബാമ കെയര്‍ പദ്ധതിക്കെതിരെ സ്‌നോഡന്‍ ആഞ്ഞടിച്ച നാളുകളായിരുന്നു അത്.
എന്‍എസ്എ ഏജന്റുമാര്‍ യുഎസ് പൗരന്മാര്‍ക്കെതിരെ വ്യാപകമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് കാണിക്കുന്ന വിവരങ്ങളാണ് സ്‌നോഡന്‍ പുറത്തുവിട്ടത്. ഇത് ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് യുഎസ് ആരോപിക്കുന്നു. ചാരവൃത്തി ആരോപിച്ച് ശിക്ഷിക്കപ്പെട്ടാല്‍ ജയിലിലടയ്ക്കാം. ട്രംപിന്റെ മുന്‍ഗാമിയായ ബറാക് ഒബാമ അദ്ദേഹത്തിന് മാപ്പ് നല്‍കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.