ലണ്ടന്‍ : ദിവസേന അറുന്നൂറോളം ആളുകള്‍ മരിക്കുന്ന സാഹചര്യത്തിലും ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടന്‍. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും ആഹ്വാനം ചെയ്തുകൊണ്ടാവും വിവിധ മേഖലകളില്‍ ഇളവുകള്‍ അനുവദിക്കുക.
എന്നാല്‍ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സ്‌കോട്ട്‌ലന്‍ഡിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. വെല്‍ഷ് ഭരണകൂടത്തിനും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനും മൊത്തമായി ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ല. അതിനാല്‍തന്നെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഓരോ മേഖലയ്ക്കും വ്യത്യസ്തമായ രീതിയിലാകും
വ്യാഴാഴ്ച 539 പേരാണ് ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ ആകെ മരണസംഖ്യ 30,615 ആയി. വ്യാഴാഴ്ച 86,583 പേര്‍ക്കാണ് രോഗപരിശോധന നടത്തിയത്. ഏപ്രില്‍ 30 മുതല്‍ ദിവസേന ഒരുലക്ഷം ടെസ്റ്റുകള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ വ്യാഴാഴ്ചയും കഴിഞ്ഞില്ല.
എന്‍എച്ച്എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ വ്യാഴാഴ്ചയും വൈകിട്ട് എട്ടിന് നടത്തുന്ന കരഘോഷം വ്യാഴാഴ്ചയും ബ്രിട്ടനില്‍ തുടര്‍ന്നു. പല സ്ഥലങ്ങളിലും വീടുകള്‍ക്കും ആശുപത്രികള്‍ക്കും മുന്നില്‍ ആളുകള്‍ വിവിധതരം സംഗീതോപകരണങ്ങളുമായി എത്തിയാണ് ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തിയത്.
രാജ്യത്തെ നിലവിലെ രോഗവ്യാപന നിരക്ക് 1:1 എന്ന അനുപാതത്തില്‍ താഴെയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത് 0.7 എന്ന നിരക്കിലെത്തുന്ന ഘട്ടംമുതല്‍ രോഗവ്യാപനനിരക്ക് കൃത്യമായി കുറഞ്ഞുതുടങ്ങുമെന്നാണ് ശാസ്ത്രീയമായ വിലയിരുത്തല്‍.
രാജ്യത്ത് വ്യാഴാഴ്ച കോവിഡ് ബാധിച്ച് ഒരു ഡോക്ടര്‍ മരിച്ചു. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡിലുള്ള ഡാരിന്ദ് വാലി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റായ ഡോ. താരിഖ് ഷാഫി (61) ആണ് മരിച്ചത്. ഒരു കുടുബത്തിലെ മൂന്നാമത്തെ അംഗവും കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമതൊരു സാഹചര്യവും വ്യാഴാഴ്ച ബ്രിട്ടനിലുണ്ടായി. ഈ കുടുബത്തിലെ മറ്റൊരാളും ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികല്‍സയിലാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കും നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറയിപ്പ് നല്‍കി. രാജ്യത്തിന്റെ സമ്പത്‌വ്യവസ്ഥ 14 ശതമാനം കണ്ട് ചുരുങ്ങുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിനാകും ഇത് വഴിവയ്ക്കുക.
ഇതിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലും കോവിഡ് ബാധിക്കുന്നവരില്‍ കറുത്തവര്‍ഗക്കാര്‍ക്ക് മരണനിരക്ക് കൂടുതലാണെന്ന കണ്ടെത്തലുണ്ടായി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ വകുപ്പിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബ്രിട്ടന്‍ തുര്‍ക്കിയില്‍നിന്നും ചൈനയില്‍നിന്നും അടിയന്തരമായി ഇറക്കുമതി ചെയ്ത ഗൗണും മാസ്‌കും ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ പൂര്‍ണമായും ഗുണനിലവാരമില്ലാത്തതും ഉപയോഗശൂന്യവുമാണെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നു. അടിയന്തര സാഹചര്യം നേരിടാന്‍ തുര്‍ക്കിയില്‍നിന്നും വ്യോമസേനാ വിമാനത്തില്‍ കൊണ്ടുവന്ന നാലു ലക്ഷത്തോളം ഗൗണുകള്‍ മാറ്റി വാങ്ങുന്നതിനോ പണം തിരികെ വാങ്ങുന്നതിനോ ഉള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടാണ് ഈ കബളിപ്പിക്കലിനെതിരേ നടപടി ആരംഭിച്ചിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ പ്രശസ്തമായ നോട്ടിംങ് ഹില്‍ കാര്‍ണിവല്‍ ഉപേക്ഷിച്ചു. മേയ് ദിനത്തോടനുബന്ധിച്ചുള്ള ബാങ്ക് ഹോളിഡേ വാരാന്ത്യമാണ് ബ്രിട്ടനില്‍ ഈയാഴ്ച. നാലുദിവസവും തെളിഞ്ഞ കാലാവസ്ഥാ പ്രവചനവും ഉണ്ട്. ഈ സാഹചര്യത്തില്‍ ആളുകള്‍ കൂട്ടമായി പുറത്തിറങ്ങുന്നതും ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്നതും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.