ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, മുന്‍ ക്യാപ്റ്റന്റെ പാത പിന്തുടര്‍ന്ന് സുരേഷ് റെയ്‌നയും. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി റെയ്‌നയും പ്രഖ്യാപിച്ചു. ധോണിയുടെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുപ്പത്തിമൂന്നുകാരനായ റെയ്‌നയുടെ വിരമിക്കല്‍ പ്രഖ്യാപനം. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ ഇന്ത്യയ്ക്കായി അരങ്ങേറിയ റെയ്‌ന, 2018ലാണ് ഒടുവില്‍ ഇന്ത്യയ്ക്കായി കളിച്ചത്. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന കരിയറിനാണ് ധോണിക്കൊപ്പം റെയ്‌നയും തിരശ്ശീലയിട്ടത്
‘മഹേന്ദ്രസിങ് ധോണി, നിങ്ങളോടൊപ്പം കളിക്കാന്‍ സാധിച്ചത് സമ്മോഹനമായ അനുഭവമായിരുന്നു. അഭിമാനം തുടിക്കുന്ന മനസ്സോടെ ഈ യാത്രയില്‍ ഞാനും നിങ്ങള്‍ക്കൊപ്പം ചേരുന്നു. ഇന്ത്യയ്ക്ക് നന്ദി. ജയ് ഹിന്ദ്’ റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാംപിനായി ചെന്നൈയിലാണ് റെയ്‌ന. വെള്ളിയാഴ്ചയാണ് ധോണി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ക്യാംപിനായി റെയ്‌നയും എത്തിയത്. ചെന്നൈയില്‍ സഹതാരങ്ങളായ മഹേന്ദ്രസിങ് ധോണി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, കരണ്‍ ശര്‍മ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും റെയ്‌ന പോസ്റ്റ് ചെയ്തിട്ടുണ്ട്.< ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് റെയ്‌ന. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു റെയ്‌നയുടെ ടെസ്റ്റ് അരങ്ങേറ്റം. 2010 ജൂലൈയില്‍ കൊളംബോയിലായിരുന്നു ഇത്. 2015 ജനുവരിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ സിഡ്‌നിയിലായിരുന്നു അവസാന ടെസ്റ്റ്. ഇതിനിടെ 18 ടെസ്റ്റുകളില്‍നിന്ന് 26.48 ശരാശരിയില്‍ 768 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 120 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 13 വിക്കറ്റുകളും സ്വന്തമാക്കി. 2005 ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ ധാംബുള്ളയില്‍ ഏകദിന അരങ്ങേറ്റം കുറിച്ച റെയ്‌ന, 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2018 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്‌സിലായിരുന്നു അവസാന ഏകദിനം. 226 ഏകദിനങ്ങളില്‍നിന്ന് 35.31 ശരാശരിയില്‍ 5615 റണ്‍സ് നേടി. ഇതില്‍ അഞ്ച് സെഞ്ചുറികളും 36 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. പുറത്താകാതെ നേടിയ 116 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്രയും മത്സരങ്ങളില്‍നിന്ന് 36 വിക്കറ്റും വീഴ്ത്തി. 2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനാസ്ബര്‍ഗിലായിരുന്നു ട്വന്റി20 അരങ്ങേറ്റം. 2018 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളില്‍ അവസാന മത്സരം കളിച്ചു. ഇതിനിടെ 78 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 29.18 ശരാശരിയില്‍ 1605 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 13 വിക്കറ്റുകളും റെയ്‌നയുടെ പേരിലുണ്ട്
Leave a Comment