അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഉത്തരത്തിൽ അവ്യക്തത; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറോളം. ശിവശങ്കർ നൽകിയ മറുപടിയിൽ ഇഡി തൃപ്തരല്ലെന്നാണ് സൂചന. ഉത്തരങ്ങൾ പലതും അവ്യക്തമാണ്. ശനിയാഴ്ചയ്ക്കുള്ളിൽ ശിവശങ്കറിനെ ഒരിക്കൽ കൂടി ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്‌ന സുരേഷിന് ലഭിച്ച കമ്മീഷനെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനോട് ചോദിച്ചതായാണ് വിവരം. ഇതിന് ‘അറിയില്ല’ എന്നായിരുന്നു മറുപടി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. സ്വപ്‌നയുടെ ഹവാല ഇടപാടുകളിൽ ശിവശങ്കറിന് പങ്കുണ്ടോയെന്നും പരിശോധിക്കും. വരും ദിവസങ്ങളിൽ ചാർട്ടേഡ് അക്കൗണ്ടിനേയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ രണ്ടാം തവണയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശിവശങ്കറിന് നോട്ടീസ് നൽകിയിരുന്നു.

pathram desk 1:
Related Post
Leave a Comment