യുഎസിലെ ഇന്ത്യാനയില്‍ ചൊവ്വാഴ്ച ഒരു 10 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസ്സിന് ഹാജരായപ്പോള്‍ തന്നെ അധ്യാപികയ്ക്ക് സംശയം മണത്തു. അസാധാരണ ശബ്ദം കേട്ടപ്പോഴാണ് വാര്‍ഫീല്‍ഡ് എലിമെന്ററി സ്കൂളിലെ അധ്യാപികയ്ക്ക് സംശയം തോന്നിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ബഹളവും അതേത്തുടര്‍ന്നുള്ള തുടര്‍ ശബ്ദങ്ങളും. യഥാര്‍ഥത്തില്‍ അത് ഒരു കുടുംബകലഹത്തിന്റെ ശബ്ദങ്ങളായിരുന്നു. കുട്ടിയുടെ വീട്ടിലെ ശബ്ദവും ബഹളവും മറ്റുകുട്ടികള്‍ അറിയാതിരിക്കാന്‍ ടീച്ചര്‍ പരമാവധി ശ്രമിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ കുട്ടി രണ്ടു കൈകള്‍ കൊണ്ടും ചെവി പൊത്തിപ്പിടിക്കുന്നതു കണ്ടു. അതിനുശേഷം ഒന്നും കാണാനാവാത്ത ഇരുട്ടും.
ഒരു വഴക്കിന്റെ തുടക്കമായിരുന്നു വീട്ടില്‍. കുട്ടിയുടെ അമ്മയും മുന്‍ കാമുകനും തമ്മില്‍. ഡോണള്‍ഡ് ജെ വില്യംസ് എന്ന യുവാവ് വഴക്കിനൊടുവില്‍ മൊറെയ്ല്‍സ് എന്ന സ്ത്രീക്കു നേരെ ഒന്നിലധികം തവണ വെടിവച്ചു. സംഭവസ്ഥലത്തുവച്ചു തന്നെ മൊറെയ്ല്‍സ് എന്ന സ്ത്രീ മരിച്ചുവീണു. ഒരു മണിക്കൂറിനകം വില്യംസ് പിടിക്കപ്പെട്ടു. കൊലപാതകത്തിനൊപ്പം വീട്ടില്‍ അതിക്രമിച്ചു കയറി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളും അയാള്‍ക്കുമേല്‍ ചാര്‍ത്തപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കുട്ടി തയാറായപ്പോഴായിരുന്നു വഴക്കിന്റെ തുടക്കം. മറ്റ് അഞ്ചു കുട്ടികളും ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആ വീട്ടില്‍ എത്തിയിരുന്നു. അവരുടെയെല്ലാം കണ്‍മുന്നില്‍ വച്ചായിരുന്നു നിഷ്ഠുരമായ കൊലപാതകം. അതിക്രൂരവും പൈശാചികവുമായിരുന്നു സംഭവം എന്ന് പൊലീസ് പറയുന്നു. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികളുടെ മുന്നില്‍വച്ച്. സംഭവത്തിന്റെ ഭീകരതയില്‍ നിന്ന് കുട്ടികള്‍ തിരിച്ചുവരാന്‍ തന്നെ ഇനി ദിവങ്ങളോ മാസങ്ങളോ എടുത്തേക്കാം എന്നും പൊലീസ് അറിയിച്ചു.
വീട്ടിലുണ്ടായിരുന്ന വില്യംസ് സമൂഹമാധ്യമത്തിലെ ഒരു വിഡിയോയെ ചൊല്ലി മൊറെയ്ല്‍സുമായി തര്‍ക്കം തുടങ്ങുകയായിരുന്നു. 2015 ല്‍ മോഷ്ടിച്ച ഒരു തോക്കായിരുന്നു വില്യംസിന്റെ പക്കല്‍ ഉണ്ടായിരുന്നത്. വഴക്ക് മൂര്‍ഛിച്ചതോടെ അയാള്‍ തോക്ക് എടുത്ത് യുവതിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ കംപ്യൂട്ടറിലും വെടിവയ്പിനെത്തുടര്‍ന്നുള്ള ആഘാതമുണ്ടായി. മൊറെയ്ല്‍സിന്റെ മൂന്നു കുട്ടികളും ബന്ധുക്കളായ മറ്റു രണ്ടു കൂട്ടികളും കൂടി വീട്ടിലുണ്ടായിരുന്നു.
10 മുതല്‍ 17 വയസ്സു വരെയുള്ളവരായിരുന്നു കുട്ടികള്‍. അവിടെയുണ്ടായിരുന്ന കുട്ടികളിലൊരാളാണ് 911 എന്ന നമ്പരില്‍ വിളിച്ച് വൈദ്യസഹായവും ആംബുലന്‍സും ആവശ്യപ്പെട്ടത്. കൊലപാതകത്തിനുശേഷം വീടിനു പുറത്തുണ്ടായിരുന്ന ഒരു സൈക്കിളിലാണ് വില്യംസ് രക്ഷപ്പെട്ടത്. പിന്നീട് സൈക്കിള്‍ ഉപേക്ഷിച്ച് അയാള്‍ ഒരു ബസില്‍ കയറിയെങ്കിലും സംശയം തോന്നിയ ഡ്രൈവര്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
വില്യംസ് കുറ്റം സമ്മതിച്ചതായി അറിയിച്ച പൊലീസ് അയാളുടെ ബാഗില്‍ നിന്ന് തോക്കും കണ്ടെടുത്തു. കുറ്റവാളിക്ക് പരമാവധി ശിക്ഷി വാങ്ങിക്കൊടുക്കാനുള്ള ഒരുക്കത്തില്‍ പഴുതടച്ച കുറ്റപത്രം തയാറാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇനി ഒരു കുട്ടിക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുത് എന്നാണവര്‍ ആഗ്രഹിക്കുന്നതും.