ഇന്ത്യൻ രഹസ്യാന്വേഷണ സംഘം പാക്കിസ്ഥാന്റെ സൈബര്‍ നെറ്റ്‍വർക്കിൽ കയറി ആക്രമിച്ചെന്നും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് വെളിപ്പെടുത്തി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആക്രമണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പാക്ക് സൈനിക വക്താവ് പറഞ്ഞു.
എല്ലാ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചകൾ തിരിച്ചറിയുന്നതിനും സൈബർ സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനും മുന്നറിയിപ്പ് സന്ദേശം അയച്ചതായി ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പ്രസ്താവനയിൽ അറിയിച്ചു. വ്യക്തിഗത രഹസ്യ മൊബൈൽ, സർക്കാർ ഉദ്യോഗസ്ഥരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാങ്കേതിക ഗാഡ്‌ജെറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്. ഇതേതുടർന്ന 2019 മെയ് 10 ന് മുൻപ് വാങ്ങിയ എല്ലാ മൊബൈൽ ഫോണുകളും ഉടൻ മാറ്റിസ്ഥാപിക്കാൻ സൈനികർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആക്രമണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം ആക്രമണങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ കൂടുതൽ മെച്ചപ്പെടുത്തിയെന്നും സൈബർ സുരക്ഷയെക്കുറിച്ചുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്ഒപി) ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു. പാക്ക് സർക്കാർ ഉദ്യോഗസ്ഥരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോണുകളും ഗാഡ്‌ജെറ്റുകളും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ പ്രധാന സൈബർ ആക്രമണമെന്നാണ് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
സർക്കാർ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പാക്കിസ്ഥാൻ വെബ്‌സൈറ്റുകൾക്കെതിരെ ഇന്ത്യൻ ഹാക്കർമാർ നടത്തുന്ന ഹാക്കിങ് ശ്രമങ്ങൾ വർധിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് ആരോപിച്ചു. രാജ്യത്ത് അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ ആക്രമണം 2018 അവസാനത്തോടെ നിരവധി ബാങ്കുകൾ ലക്ഷ്യമിട്ടായിരുന്നു. ആക്രമണത്തിൽ ഇസ്‌ലാമിക് ബാങ്കിന് 2.6 ദശലക്ഷം രൂപ നഷ്ടമുണ്ടായെന്നും പാക്ക് മാധ്യമങ്ങൾ ആരോപിക്കുന്നു.