കോട്ടയം: ബൈക്കപകടത്തില്‍ മരിച്ച കോട്ടയം വളാക്കാട്ടൂര്‍ സ്വദേശി സച്ചിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സച്ചിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന മാതാപിതാക്കളും ബന്ധുക്കളും ലോക അവയവ ദിനമായ ആഗസ്റ്റ് 13-ന് അവയവദാനത്തിന് സന്നദ്ധരായി സ്വയം മുന്നോട്ട് വരികയായിരുന്നു.
എം.ആര്‍. സജി – സതി ദമ്പതിമാരുടെ ഏകമകനായിരുന്നു ഇരുപത്തിരണ്ടുകാരനായ സച്ചിന്‍. നാട്ടിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും മുന്നിലായിരുന്നു. കഴിഞ്ഞ അഞ്ചാം തീയതി തിരുവഞ്ചൂരില്‍ വച്ചാണ് ബൈക്കപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സച്ചിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും 12-ാം തീയതി മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ അവയവദാനത്തിന് സന്നദ്ധമായി ബന്ധുക്കള്‍ മുന്നോട്ട് വന്നതോടെ ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ കൊച്ചി ആംസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്കും, ഒരു വൃക്ക എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിനും, 2 കണ്ണുകള്‍ മെഡിക്കല്‍ കോളേയിലെ ഐ ബാങ്കിനും നല്‍കാന്‍ തീരുമാനമായി.
ലോക്ക് ഡൗണ്‍ കാലത്ത് അവയവദാന പ്രകൃയയിലൂടെ നടന്ന ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെയാണ് ഈ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രകിയയും നടന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെയാണ് ഈ 7 ശസ്ത്രക്രിയകളും നടന്നത്. മെഡിക്കല്‍ കോളേജില്‍ നടന്ന 52-ാമത്തെ വൃക്ക മാറ്റിവയ്ക്കല്‍ കൂടിയാണിത്.
കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (ഗചഛട) വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, മൃതസഞ്ജീവനി സെന്‍ട്രല്‍ സോണ്‍ നോഡല്‍ ഓഫീസര്‍ കെ.പി. ജയകുമാര്‍, യൂറോളജി വിഭാഗം മേധാവി ഡോ. സുഭാഷ് ഭട്ട്, അനസ്തീഷ്യാ വിഭാഗം മേധാവി ഡോ. ശാന്തി എന്നിവരാണ് അവയവദാന പ്രകൃയയ്ക്കും ശസ്ത്രകൃയയ്ക്കും നേതൃത്വം നല്‍കിയത്.
സങ്കടകരമായ അവസ്ഥയിലും അയവദാനത്തിന് മുന്നോട്ട് വന്ന കുടുംബാഗങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നന്ദി പറഞ്ഞു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാവരേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. സച്ചിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.