സ്തനാര്‍ബുദം ഒഴിവാക്കാൻ സ്തനങ്ങളെ അറിയാം; കിംസ് ഹോസ്‌പിറ്റൽ ഓങ്കോളജി കൺസൾട്ടന്റ്‌ ഡോ: എൽ. രജിത എഴുതുന്നു

നിങ്ങളുടെ സ്തനത്തിനുള്ളില്‍ എന്താണുള്ളത്?

മുലയൂട്ടുന്ന സമയത്ത് പാല്‍ ഉത്പാദിപ്പിക്കുതിനുള്ള ലോബുകള്‍ എന്ന 10-20 ഗ്രന്ഥികള്‍ അടങ്ങുന്നതാണ് ഓരോ സ്തനവും. ഡക്ടുകള്‍ എന്നറിയപ്പെടുന്ന ചെറിയ കുഴലുകള്‍ വഴി പാല്‍ മുലക്കണ്ണിലേയ്ക്ക് എത്തുന്നു. ഏറിയോള എന്നറിയപ്പെടുന്ന കറുത്ത വൃത്താകൃതിയുള്ള ഭാഗത്തിൻ്റെ മധ്യത്തിലാണ് മുലക്കണ്ണ് കാണപ്പെടുത്. കൂടാതെ കൊഴുപ്പു നിറഞ്ഞ, സംരക്ഷണ കോശസഞ്ചയങ്ങളും സ്തനത്തിലുണ്ട്. സംരക്ഷണ കോശങ്ങള്‍ സ്തനത്തിന് ആകാരഭംഗി നല്‍കുമ്പോള്‍ കൊഴുപ്പിൻ്റെ കോശസഞ്ചയം സ്തനത്തിൻ്റെ വലിപ്പം നിര്‍ണയിക്കുതില്‍ പ്രധാന പങ്ക് വഹിക്കുന്നു. സ്തനത്തിലെ ലോബുകളിലും ഡക്ടുകളിലുമാണ് അര്‍ബുദ ബാധയുണ്ടാകുന്നത്.

സ്തനങ്ങള്‍ക്കുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങള്‍

സ്തനങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളെ മൂന്നായി തിരിക്കാം. പ്രായപൂര്‍ത്തിയാകുമ്പോഴത്തെ വികസന ഘട്ടം, പ്രത്യുല്‍പാദന കാലത്തെയും ഗര്‍ഭകാലത്തെയും മാറ്റം, ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച ഘട്ടം.

ഒരു പെൺകുട്ടിയില്‍ പത്തു വയസ്സിനോടടുപ്പിച്ച് ഏറിയോളയും മുലക്കണ്ണുകളും വളരാന്‍ തുടങ്ങുന്നു. ഒരു സ്തനം ചിലപ്പോള്‍ മറ്റേതിനേക്കാള്‍ വേഗം വളരാം. രണ്ട് സ്തനങ്ങള്‍ക്ക് വ്യത്യസ്ത വലിപ്പമുണ്ടാകുന്നതും ചിലപ്പോള്‍ മാര്‍ദവമുണ്ടാകുന്നതും സാധാരണമാണ്. 18 വയസ്സാകുതോടെ സ്തനങ്ങള്‍ സാധാരണ വളര്‍ച്ചയിലെത്തും.

ആര്‍ത്തവ കാലമെത്തുന്നതുവരെ ഹോര്‍മോണുകളുടെ സ്വാധീനത്താല്‍ സ്തനങ്ങള്‍ക്ക് വലിപ്പം കൂടി വരും. ആര്‍ത്തവമാകുന്നതോടെ അവയുടെ വലിപ്പം കുറഞ്ഞു തുടങ്ങും. ഗര്‍ഭാവസ്ഥയിലും മുലയൂട്ടല്‍കാലത്തും സ്തനങ്ങളുടെ വലിപ്പം കൂടി വരും. മുലക്കണ്ണുകള്‍ക്ക് വികാസം സംഭവിക്കുകയും ഏറിയോള കൂടുതല്‍ കറുക്കുകയും ചെയ്യും. മുലയൂട്ടലിനുശേഷം സ്തനങ്ങളുടെ വലുപ്പം കുറയുമെങ്കിലും മുലക്കണ്ണിനും ഏറിയോളയ്ക്കുമുള്ള ഇരുണ്ട നിറം നിലനില്‍ക്കും.

പ്രായമാകുതോടെ സ്തനങ്ങള്‍ ചുരുങ്ങാനും ഇടിയാനും തുടങ്ങും. ഗ്രന്ഥികള്‍ക്കു പകരം നാരുകളുള്ള കോശസഞ്ചയവും കൊഴുപ്പും നിറയും.

സ്തനത്തെ അറിയുക: സ്തന ബോധവത്കരണം

ഓരോരുത്തരിലും സ്തനങ്ങള്‍ കാഴ്ചയിലും സ്പര്‍ശനത്തിലും വ്യത്യസ്തമാണ്. ഇടത്തും വലത്തുമുള്ള സ്തനങ്ങള്‍ക്ക് വ്യത്യാസമുണ്ടാകാം. ബോധവത്കരണം കൊണ്ടുദ്ദേശിക്കുത് കാഴ്ചയിലും സ്പര്‍ശനാവസ്ഥയിലും സ്തനത്തിന്റെ സ്ഥിതി മനസിലാക്കുക എന്നതാണ്. പ്രായമാകുന്തോറും സ്തനത്തിന് വരുന്ന മാറ്റങ്ങള്‍ ശരിയായി മനസിലാക്കണം. സ്തനത്തിന്റെ സ്വയ പരിശോധനയില്‍ തെറ്റായതോ ശരിയായതോ ആയ രീതികളില്ല. കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്തനങ്ങൾ പരിശോധിക്കാം. കിടക്കുമ്പോഴോ, കുളിക്കുമ്പോഴോ സ്തനങ്ങളെ സ്പര്‍ശിച്ചു നോക്കാവുന്നതാണ്. കേവലം സ്തനങ്ങളെ മാത്രമല്ല, കക്ഷം മുതല്‍ തോളെല്ല് വരെയുള്ള ഭാഗങ്ങള്‍ പരിശോധിക്കേണ്ടതാണ്.

സ്തനാര്‍ബുദം: മുന്നറിയിപ്പു ലക്ഷണങ്ങള്‍

സ്തനങ്ങളില്‍ കാണപ്പെടുന്ന ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടവയാണ് – സ്തനങ്ങളിലോ കക്ഷത്തിലോ കാണുന്ന പുതിയ മുഴകള്‍, സ്തനങ്ങളുടെ വലിപ്പത്തിലും ആകൃതിയിലുമുള്ള വ്യത്യാസം, സ്തന ചര്‍മത്തിന്റെ നിറവ്യത്യാസം, സ്തനങ്ങളുടെയും മുലക്കണ്ണിന്റെയും തൊലിപ്പുറത്തുള്ള ചുവപ്പ് പാടുകള്‍, തൊലി പൊരിഞ്ഞിളകല്‍.

സ്വന്തം സ്തനങ്ങളെക്കുറിച്ച് നാന്നായി അറിയാമെങ്കില്‍ ചെറിയ മാറ്റങ്ങള്‍ പോലും എളുപ്പം മനസിലാക്കാന്‍ കഴിയും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളൊന്നും അര്‍ബുദമാകണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ ഇവ കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറെ കാണണം.

എങ്ങിനെ, എപ്പോഴാണ് സ്തനങ്ങളിലെ അര്‍ബുദം പരിശോധിക്കേണ്ടത്

സ്തനാര്‍ബുദം കണ്ടെത്താനുള്ള ഏറ്റവും മികച്ച പരിശോധനാരീതി മാമോഗ്രാമാണ്. ചെറിയ എക്‌സ്‌റേ കിരണങ്ങള്‍ സ്തനത്തിനുള്ളിലേക്ക് കയറ്റിവിട്ടാണ് മാമോഗ്രാം ചെയ്യുന്നത്. രോഗലക്ഷണങ്ങള്‍ കാണുന്നതിനു വളരെ മുമ്പുതന്നെ സ്തനാര്‍ബുദ സാധ്യത അറിയാന്‍ ഈ പരിശോധനയിലൂടെ സാധിക്കുന്നു.

40 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാ സ്ത്രീകളും രണ്ടു വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായി മാമോഗ്രാം നടത്തേണ്ടതാണ്. ഒപ്പംതന്നെ ഡോക്ടറുടെ സഹായത്തോടെ സ്തനങ്ങളുടെ പരിശോധന വര്‍ഷത്തിലൊരിക്കല്‍ നടത്തണം. നിശ്ചിത കാലയളവിലുള്ള പരിശോധനകള്‍ നടത്തിയാല്‍ സ്തനാര്‍ബുദത്തെ തുടർന്നുള്ള മരണങ്ങള്‍ 30 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അമ്മ, സഹോദരി, മകള്‍ എന്നിവര്‍ക്കാര്‍ക്കെങ്കിലും സ്തനാര്‍ബുദമോ, അണ്ഡാശയ അര്‍ബുദമോ വന്നിട്ടുണ്ടെങ്കില്‍ അത്തരം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ അര്‍ബുദരോഗ വിദഗ്ധനായ ഡോക്ടറെ സന്ദര്‍ശിച്ച് നിശ്ചിതകാലയളവില്‍ പരിശോധനകള്‍ക്ക് വിധേയമാകണം.

സ്തനാര്‍ബുദം എന്തു കൊണ്ട് നേരത്തെ കണ്ടെത്തണം?

ഏതു ഘട്ടത്തിലാണ് രോഗം കണ്ടെത്തുന്നത് എന്നത് സ്തനാര്‍ബുദത്തിന്റെ ചികിത്സയില്‍ നിര്‍ണായക ഘടകമാണ്. വളരെ നേരത്തെ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം വിജയകരമായി ചികിത്സിച്ചു മാറ്റാനുള്ള സാധ്യത ഏറെയാണ്. അര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷ ജീവിത സാധ്യത 84 ശതമാനമാണ്. കണ്ടെത്താന്‍ വൈകിയാല്‍ അത് 18 ശതമാനം മാത്രം. നേരത്തെ രോഗം കണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സ, ആയുര്‍ദൈര്‍ഘ്യം, സുഖജീവിതം എന്നിവ ലഭിക്കും.

സ്തനാര്‍ബുദ രോഗിയായാല്‍ ജീവിതത്തിന്റെ അവസാനമായോ?

ഇന്ന് സ്തനാര്‍ബുദം നിര്‍ണയിക്കുമ്പോഴുള്ള അവസ്ഥ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുതിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ്.

1970-നു മുമ്പുള്ള കാലഘട്ടത്തില്‍ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ ഒരു സ്ത്രീയ്ക്ക് മുന്നിലുള്ള ഏക പോംവഴി മുലക്കണ്ണുകള്‍, കക്ഷത്തിലെ ലസിക ഗ്രന്ഥികള്‍ (ലിംഫ്), നെഞ്ചിലെ പേശികള്‍ എന്നിവയടക്കം സ്തനം മുറിച്ചുമാറ്റുന്ന മാസ്റ്റക്ടമി എന്ന ശസ്ത്രക്രിയ ആയിരുന്നു. വിനാശകരവും ശരീരാകൃതി തന്നെ മാറ്റുന്നതുമായ ഈ ശസ്ത്രക്രിയ സ്ത്രീകള്‍ക്ക് മാനസികമായി വലിയ ആഘാതം വരുത്തുന്നതായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സ്തനാര്‍ബുദ ശസ്ത്രക്രിയ തികച്ചും സംരക്ഷണാത്മകമായി മാറിയിട്ടുണ്ട്. സ്തനങ്ങളെ ആകൃതിയില്‍ തിരികെ കൊണ്ടുവരികയും വച്ചുപിടിപ്പിക്കുകയും ചെയ്യുന്ന രീതി വ്യാപകമായിട്ടുണ്ട്.

ഇതോടൊപ്പം തന്നെ വ്യവസ്ഥാപിതമായ ചികിത്സാരീതിയില്‍ വളരെയധികം മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഹോര്‍മോൺ ചികിത്സ, കീമോതെറാപ്പി, ടാര്‍ഗെറ്റെഡ് തെറാപ്പി എിവ അതില്‍ ചിലതാണ്. അമിതമായി വളരുന്ന കോശത്തിന്റെ വളര്‍ച്ചയ്ക്കും അപകടകരമായ വ്യാപനത്തിനും കാരണമാകുന്ന പ്രക്രിയയെ മാത്രം പ്രതിരോധിക്കുതാണ് ടാര്‍ഗെറ്റഡ് തെറാപ്പി. ഏതെങ്കിലും ഭാഗത്തുമാത്രമുള്ള രോഗനിയന്ത്രണത്തിലൂടെ രോഗിയെ രക്ഷപ്പെടുത്തുന്നതില്‍ റേഡിയോ തെറാപ്പി ഏറെ ഫലപ്രദമാണ്.

സ്തനാര്‍ബുദം നിയന്ത്രിക്കുന്നതില്‍ നിയതമായ മാര്‍ഗ്ഗങ്ങളില്ലെന്ന് മനസിലാക്കണം. ഓരോ രോഗിയ്ക്കുമുള്ളത് ഓരോ അവസ്ഥയായിരിക്കും. അതനുസരിച്ചായിരിക്കും ചികിത്സയും നടത്തുക. അര്‍ബുദ ചികിത്സ വ്യക്ത്യധിഷ്ഠിതമായി മാറിയിട്ടുണ്ട്. ഓരോ രോഗിയിലും ഏറ്റവും കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ എന്ന ലക്ഷ്യത്തോടെ രോഗിയുടെ പ്രത്യേകത അനുസരിച്ച് ചികിത്സ നടത്തി മരുന്നു നല്‍കുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

‘ഷീ-റോ’യ്ക്ക് അഭിവാദ്യങ്ങള്‍

മികച്ച രോഗ നിര്‍ണയ-ചികിത്സാ രീതികളിലൂടെ സ്തനാര്‍ബുദ ബാധിതയായ സ്ത്രീകളുടെ ജീവിത ദൈര്‍ഘ്യം ഏറെ കൂടിയിട്ടുണ്ട്. അവരെല്ലാം ധൈര്യപൂര്‍വം അത്യുത്സാഹത്തോടെ പോരാടി സ്തനാര്‍ബുദത്തെ കീഴടക്കിയ ധീരരായ ‘ഷീ-റോ’കളാണ്. സ്തനാര്‍ബുദം അതിജീവിച്ച സ്ത്രീകള്‍ക്ക് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുമ്പോള്‍ ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികളെ നേരിടേണ്ടിവരുന്നുണ്ട്. അവര്‍ക്ക് പിന്തുണ നല്‍കുകയും മതിയായ ചികിത്സ നല്‍കുകയും ചെയ്യേണ്ടത് മെഡിക്കല്‍ സമൂഹത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്നാണ്.

ഈ കഥ ഇവിടെ അവസാനിക്കുന്നുവോ?

സ്തനാര്‍ബുദം നിര്‍ണയിക്കപ്പെട്ട സ്ത്രീകള്‍ക്ക് ശോഭനമായ ഭാവിയാണ് ഇന്നുള്ളത്. എന്നാല്‍ തന്നെയും നിരവധി സ്ത്രീകളെ സ്തനാര്‍ബുദം ബാധിക്കുകയും കുറെപ്പേരെ കൊല്ലുകയും ചെയ്യുന്നുണ്ട്. ഏറെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും ഇനിയുമേറെ ദൂരം പോകാനുണ്ട്. പല സ്ത്രീകള്‍ക്കും രോഗം വീണ്ടും വരികയും അവര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നുണ്ട്. സ്തനാര്‍ബുദത്തിന്റെ കഥ പൂര്‍ണമാകുന്നില്ല. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗമായി സ്തനാര്‍ബുദം മാറുന്ന വാര്‍ത്തയ്ക്കായി നാം കാതോര്‍ക്കുകയാണ്. അതായിരിക്കും അവസാനിക്കാത്ത ഈ കഥയുടെ ശുഭസമാപ്തി.

(ഡോ : രജിത.എൽ, ഓങ്കോളജി കൺസൾട്ടന്റ്, കിംസ് ഹോസ്‌പിറ്റൽ)

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7