അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭ ചേരാനിരിക്കേ പ്രതിപക്ഷത്തിന് തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരായ അവിശ്വാസം കൊണ്ടുവരുന്നതിന് ചട്ടപ്രകാരം സഭ ചേരുന്നതിന് പതിനാല് ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. എന്നാല്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടില്ല. സര്‍ക്കാരിനെതിരെയും തനിക്കെതിരെയുമുള്ള വിശ്വാസ നോട്ടീസുകള്‍ ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ നിയമസഭ വിളിക്കുന്നത് ചട്ടങ്ങള്‍ പാലിച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഭ വിളിക്കുന്നതിന് 15 ദിവസം മുന്‍പ് അംഗങ്ങള്‍ക്ക് സെക്രട്ടറി സമന്‍സ് നല്‍കണമെന്നാണ് ചട്ടം. അത് പാലിക്കപ്പെട്ടിട്ടില്ല. സമന്‍സ് നല്‍കിയിരുന്നുവെങ്കില്‍ 14 ദിവസം മുന്‍പ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയേനെ. സ്പീക്കറെ നീക്കണമെന്ന പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കില്ലെന്ന് അദ്ദേഹം തന്നെ പറയുന്നത് ശരിയല്ല. സര്‍ക്കാരിനെതിരെയും സ്പീക്കര്‍ക്കെതിരെയുമുള്ള അവിശ്വാസ പ്രമേയത്തിന് ഇന്നു രാവിലെ നോട്ടീസ് നല്‍കിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

നിയമസഭ ടിവിയുടെ ഉദ്ഘാടനത്തിന് സ്പീക്കര്‍ വിളിച്ച പരിപാടിയില്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണിത്.

24ന് ചേരുന്ന സഭാ സമ്മേളനം കൂടുതല്‍ ദിവസത്തേക്ക് കൂടി തുടരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സഭ വിളിക്കുന്നതില്‍ ചട്ടത്തില്‍ നല്‍കിയ ഇളവ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കുന്നതിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

ധനബില്‍ പാസാക്കുന്നതിനും രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനുമാണ് 24ന് സഭ ചേരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular