സ്വദേശി എന്നാല്‍ എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കലല്ല; ആര്‍.എസ്.എസ്‌

ന്യൂഡല്‍ഹി:’സ്വദേശി’ എന്നാല്‍ എല്ലാ വിദേശ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നല്ല അര്‍ത്ഥമാക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സാങ്കേതികവിദ്യകളോ പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനായി നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടും നിന്നും നമുക്ക് അനുയോജ്യമായതാണ് നമ്മള്‍ വാങ്ങുന്നത്. അതും നമ്മള്‍ നിശ്ചയിച്ച വ്യവസ്ഥയില്‍. ആഗോളവല്‍ക്കരണം ആവശ്യമുള്ള ഫലങ്ങള്‍ നല്‍കിയില്ലെന്നും ഒരു സാമ്പത്തിക മാതൃക എല്ലായിടത്തും ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കോവിഡ് മഹാമാരി കണിച്ചു തന്നുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

” സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയുടെ നയരൂപീകരണത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളും മറ്റ് വിദേശ രാജ്യങ്ങളും സ്വാധീനിച്ചു. ഇതിന്റെ ഫലമായി പ്രാദേശികമായി ലഭ്യമായ നിരവധി ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും അവഗണിക്കപ്പെട്ടു.” – ഭഗവത് കൂട്ടിച്ചേര്‍ത്തു.

രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണം ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എല്ലാവരും ലോകത്തെ ഒരു വിപണിയായല്ല, ഒരു കുടുംബമായി കണക്കാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയത്വത്തിന്റെയും സ്വദേശിവല്‍ക്കരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.

Similar Articles

Comments

Advertismentspot_img

Most Popular