ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിൻ്റെ ഫീൽഡിംഗ് പരിശീലകൻ ദിശാന്ത് യാഗ്നിക്കിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. റോയൽസിൻ്റെ മുൻ വിക്കറ്റ് കീപ്പർ കൂടിയായ ദിശാന്തിന് ബുധനാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഐപിഎല്ലിനു വേണ്ടി യുഎഇയിലേക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ദിശാന്തിന് കൊവിഡ് പോസിറ്റീവായത്. അടുത്ത ആഴ്ചയാണ് രാജസ്ഥാൻ റോയൽസ് യുഎഇയിലേക്ക് പോവുക. ഐപിഎല്ലുമായി ബന്ധപ്പെട്ട ആദ്യ കൊവിഡ് കേസാണിത്.
നിലവിൽ ദിശാന്ത് യാഗ്നിക്ക് ആശുപത്രിയിലാണ്. 14 ദിവസത്തെ ക്വാറൻ്റീനും താരത്തിനു നിർദ്ദേശിച്ചിട്ടുണ്ട്. അതിനു ശേഷം യാഗ്നിക്കിനെ വീണ്ടും രണ്ട് തവണ ടെസ്റ്റ് നടത്തും. ഈ ടെസ്റ്റുകൾ നെഗറ്റീവായാൽ മാത്രമേ അദ്ദേഹത്തിന് യുഎഇയിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ. യുഎഇയിൽ എത്തിക്കഴിഞ്ഞാൽ 6 ദിവസം ഐസൊലേഷനിൽ കഴിയണം. ശേഷം മൂന്ന് ടെസ്റ്റുകൾ കൂടി നടത്തും. ഇതിലും നെഗറ്റീവ് ആയാലേ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനാവൂ.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
സീസണിൽ ടൈറ്റിൽ സ്പോൺസറായ വിവോ ഐപിഎലിനൊപ്പം ഉണ്ടാവില്ല. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതിനു പിന്നാലെ മറ്റ് ചൈനീസ് കമ്പനികളും ഐപിഎലിൽ നിന്ന് വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു.
Leave a Comment