തിരുവനന്തപുരം: അകത്തുമുറി എസ്.ആർ.മെഡിക്കൽ കോളേജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്നു നിരവധി മോഷണക്കേസിലെ പ്രതി ചാടിപ്പോയി. കൊല്ലം പുത്തൻകുളം നന്ദു ഭവനിൽ ബാബു(61)വാണ് ചാടിപ്പോയത്. എട്ട് മണിക്കൂറിനിടെ കേന്ദ്രത്തിൽനിന്ന് രണ്ട് റിമാൻഡ് പ്രതികളാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി മാലമോഷണക്കേസിലെ പ്രതി മുട്ടത്തറ പൊന്നറ സ്കൂളിനു സമീപം ശിവജി െലയ്നിൽ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു(25) ചാടിപ്പോയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ബാബു കടന്നുകളഞ്ഞത്. ഇവരെ പാർപ്പിച്ചിരുന്ന രണ്ടാം നിലയിലെ മുറിയിലെ വെന്റിലേറ്ററിലെ ഗ്ലാസ് ഇളക്കി പൈപ്പുവഴി ഇറങ്ങിയാണ് വിഷ്ണു രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിഞ്ഞത് മുതലെടുത്താണ് ബാബുവും ചാടിയത്.
വെന്റിലേറ്ററിലൂടെ മുണ്ടുപയോഗിച്ച് ഇറങ്ങിയാണ് ബാബു കടന്നത്. തിരുവനന്തപുരം ഫോർട്ട് പോലീസ് അറസ്റ്റുചെയ്ത വിഷ്ണുവിനെയും കല്ലമ്പലം പോലീസ് അറസ്റ്റുചെയ്ത ബാബുവിനെയും രണ്ടു ദിവസം മുമ്പാണ് നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. കോവിഡ് പരിശോധനാഫലം വരുന്നതുവരെ ഇവിടെ പാർപ്പിച്ചിരിക്കുമ്പോഴാണ് രക്ഷപ്പെട്ടത്.
പോലീസും ജയിൽ വകുപ്പും ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ മാസം അഞ്ചിന് റിമാൻഡ് പ്രതികളായ അനീഷ്(29), മുഹമ്മദ് ഷാൻ(18) എന്നിവർ ഇവിടെനിന്നും ചാടിപ്പോയിരുന്നു. ഇരുവരെയും പിന്നീട് പിടികൂടി. പ്രതികൾ ചാടിപ്പോയ സംഭവമുണ്ടായിട്ടും നിരീക്ഷണകേന്ദ്രത്തിൽ കൂടുതൽ സുരക്ഷയൊരുക്കിയിരുന്നില്ല. ഇപ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രതികളെ പാർപ്പിച്ചിരിക്കുന്നത്.