കോഴിക്കോട്: കോവിഡ് മഹാമാരിക്കിടയിലും രാജ്യമാകെ കയ്യടിക്കുന്നൊരു ക്വാറന്റീന്‍. കേരളം ഞെട്ടിയ കരിപ്പൂര്‍ വിമാനാപകടത്തില്‍ ഒന്നുംനോക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മനുഷ്യരാണു കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റീനില്‍ പ്രവേശിച്ചത്. മലപ്പുറം കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന 600 പേരാണു ക്വാറന്റീനിലുള്ളത്.
‘വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണു ഞങ്ങള്‍ സ്ഥലത്തെത്തിയത്. അതിനകം 10-15 ആളുകള്‍ അവിടെ എത്തിയിരുന്നു. കനത്ത മഴയിലും വിമാനം തീ പിടിക്കുമോ എന്ന ഭയത്തിലായിരുന്നു ഏവരും. യാത്രക്കാരുടെ നിലവിളി കേട്ടതോടെ ഞങ്ങള്‍ എല്ലാം മറന്ന് രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. പ്രദേശം കോവിഡ് കണ്ടെയ്ന്‍മെന്റ് സോണിലായിരുന്നു. പക്ഷേ യാത്രക്കാരെ സഹായിക്കുന്നതിന് അതു തടസ്സമായില്ല.’ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന എ.പി.ഷബീര്‍ ഓര്‍മിച്ചു. ഇദ്ദേഹവും ഹോം ക്വാറന്റീനിലാണ്.
യാത്രക്കാരെ രക്ഷിക്കുന്നതിനായിരുന്നു മുന്‍ഗണന. കൊറോണ വൈറസിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. പ്രദേശവാസികളുടെ ഓട്ടോറിക്ഷ, കാറ്, ജീപ്പ് തുടങ്ങിയ സ്വകാര്യ വാഹനങ്ങളിലാണു കൂടുതല്‍ പേരെയും ആശുപത്രികളിലേക്ക് മാറ്റിയത്. 190 പേരുമായി ദുബായില്‍ നിന്നുള്ള വിമാനം വെള്ളിയാഴ്ച രാത്രിയാണു കനത്ത മഴയില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്നു തെറിച്ച് 35 അടി താഴേക്കു വീണത്. തകര്‍ന്ന വിമാനത്തിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു.