സ്ത്രീകളുടെ ബ്രേസിയറിനകത്തും സാനിറ്ററി പാഡിലും കുട്ടികളുടെ ഡയഫേഴ്‌സിലും ഒളിപ്പിക്കും; സ്വര്‍ണക്കടത്തില്‍ കാരിയറായി പ്രവര്‍ത്തിച്ച സ്ത്രീയുടെ വെളിപ്പെടുത്തല്‍

മലയാളി സ്വർണ കള്ളക്കടത്ത് സംഘത്തിന്‍റെ വലയിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശികളായ സ്ത്രീകൾ മാത്രമടങ്ങുന്ന കുടുംബം തങ്ങളുടെ ജീവിതകഥ വെളിപ്പെടുത്തുന്നു.

തിരുവനന്തപുരം കടയ്ക്കൽ സ്വദേശിനി ഷീജ ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടി പാർലറും നടത്തിയാണ് രണ്ട് പെൺമക്കളെയും ഇളയ ആൺകുട്ടിയെയും വളർത്തിയത്. ഭർത്താവ് നേരത്തെ മറ്റൊരു വിവാഹം കഴിച്ച് മാറിപ്പോയതാണ്. 14 വർഷമായി യുഎഇയിലുള്ള ഇവർ ബിസിനസ് ചെയ്ത് സമാധാനപരമായ ജീവിതം നയിച്ചുവരികയായിരുന്നു. ഇതിനിടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നൽകി. മൂത്തമകൾക്ക് കൊറിയയിൽ ജോലി ലഭിക്കുകയും കൊറിയക്കാരനെ വിവാഹം കഴിച്ചു അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. രണ്ടാമത്തെ മകൾ പാലക്കാട് ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് പഠിക്കുന്നു. മകൻ വിദ്യാഭ്യാസം കഴിഞ്ഞ് യുഎഇയിൽ ജോലി അന്വേഷിക്കുന്നു.

ഒന്‍പത് മാസം മുൻപാണ് യുഎഇയിലെ സ്വർണക്കള്ളക്കടത്തു സംഘവുമായി അടുപ്പമുണ്ടായിരുന്ന ഒരു യുവാവ് അവരെ ഷീജയ്ക്ക് പരിചയപ്പെടുത്തിയത്. (കാരിയറായി പ്രവർത്തിച്ചിരുന്ന ഇൗ യുവാവിനെ, നാട്ടിലേയ്ക്ക് കൊണ്ടുപോയ സ്വർണം മുക്കിയെന്നും പറഞ്ഞ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചിരുന്നു. ഇൗ സംഭവം പൊലീസ് നടപടിയെടുക്കാത്തതിനാൽ പിന്നീട് വിവാദമായി). വയനാട് സ്വദേശിയായ സംഘത്തലവനുമായി ഷീജയ്ക്ക് പിന്നീട് നല്ല സൗഹൃദബന്ധമുണ്ടായി. ഇദ്ദേഹം പറഞ്ഞ പ്രകാരം നാട്ടിലെ വീടും പറമ്പും വിറ്റുകിട്ടിയ 48 ലക്ഷം രൂപയിൽ നിന്ന് 1.38 ലക്ഷം ദിർഹം (28 ലക്ഷത്തിലേറെ രൂപ) സ്വർണക്കടത്തു ‘ബിസിനസി’ൽ പങ്കാളിയാകാൻ നൽകി. പ്രതിദിനം വലിയൊരു സംഖ്യ ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം ചെയ്തു.

മകളുടെ കല്യാണം വരികയാണെന്നും അപ്പോൾ പണം ഒന്നിച്ച് നൽകിയാൽ മതിെയെന്നും പറഞ്ഞപ്പോൾ, എങ്കിൽ ആ കാലയളവിലെ ലാഭം കൂടി നൽകാമെന്നും ഉറപ്പു നൽകിയത് വിശ്വാസം ശക്തിപ്പെടാൻ കാരണമായി. പിന്നീട് മകളുടെ കല്യാണമായപ്പോൾ 93,000 ദിർഹം തിരികെ വാങ്ങി. ബാക്കി തുക ലാഭവിഹിതം ചേർത്ത് നാട്ടിൽ കൈമാറാമെന്നും വിശ്വസിപ്പിച്ചു. പാലക്കാട് പഠിക്കുന്ന രണ്ടാമത്തെ മകളുടെ കല്യാണക്കാര്യം സൗഹൃദ സംഭാഷണത്തിനിടെ സംസാരിച്ചപ്പോൾ, കള്ളക്കടത്ത് തലവൻ, താനവളെ കെട്ടിക്കോളാം എന്ന് പറയുകയും അതു തമാശയാണെന്നാണ് താൻ കരുതിയതെന്നും ഷീജ പറയുന്നു. ഇയാൾ നേരത്തെ മൂന്ന് വിവാഹം കഴിച്ചയാളാണത്രെ. ഇതിന് ശേഷവും സൗഹൃദം തുടർന്നു. സ്വർണക്കള്ളക്കടത്തിന്റെ ഉള്ളുകളികളൊക്കെ മനസിലാക്കിയ ഷീജ, താൻ സ്വയം കാരിയറായില്ലെങ്കിലും മറ്റു സ്ത്രീകളെ ഇതിനായി കണ്ടെത്തി നൽകിയിട്ടുണ്ടെന്ന് തുറന്നുപറയുന്നു. ഒരു കാരിയറെ സംഘടിപ്പിച്ചുകൊടുത്താൽ 200 ദിർഹമാണ് പ്രതിഫലം.

സ്വര്‍ണം കടത്തുന്ന രീതി

സ്വർണം പൊടിച്ച് കുഴമ്പുരൂപത്തിലാക്കിയാണ് കേരളത്തിലേയ്ക്ക് സ്വർണക്കള്ളക്കടത്ത് നടത്തുന്നതെന്ന് ഷീജ പറയുന്നു. ദെയ്റയിലെ ഒരു ജ്വല്ലറിയാണ് എല്ലാത്തിനും കൂട്ടുനിൽക്കുന്നത്. സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ എന്നിവരെ കൂടാതെ പ്രായമുള്ള സ്ത്രീകളെയും കാരിയർമാരായി നിയോഗിക്കുന്നു. യുഎഇയിലെ ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയ ഇടങ്ങളിൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരെ വലവീശിപ്പിടിക്കാൻ പ്രത്യേക സംഘം തന്നെയുണ്ട്. ഇവർക്ക് വിമാന ടിക്കറ്റും അമ്പതിനായിരത്തോളം രൂപയുമാണ് പ്രതിഫലം നൽകുക. നാട്ടിൽ വരുന്നവർക്ക് സന്ദർശക വീസയും വിമാന ടിക്കറ്റും പണവും നൽകും.

പ്രോട്ടീൻ പൊടി കൂടി ചേർത്ത് കുഴമ്പു രൂപത്തിലാക്കുന്ന സ്വർണം കാരിയർമാരിൽ പുരുഷന്മാർക്ക് ഗുളിക രൂപത്തിലും സ്ത്രീകൾക്ക് സാനിറ്ററി പാഡിലും പ്രായമുള്ള സ്ത്രീകൾക്ക് ബ്രേസിയറിനകത്തും കുട്ടികൾക്ക് ഡയഫേഴ്സിലും ഒളിപ്പിച്ചാണ് നൽകുന്നത്. ഗുളികരൂപത്തിലുള്ള സ്വർണം പുരുഷന്മാരുടെ മലദ്വാരത്തിലടക്കം കൃത്യസ്ഥാനത്ത് വച്ചു കഴിഞ്ഞാൽ വിമാനത്താവളങ്ങളിലുപയോഗിക്കുന്നതുപോലുള്ള ഡ‍ിറ്റക്ടർ ഉപയോഗിച്ച് പിടിക്കപ്പെടാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തും. തുടർന്ന് ഇവരെ വിമാനത്താവളങ്ങളിൽ കൊണ്ടുപോയി വിടും. നാട്ടിൽ സ്വർണം തിരികെ വാങ്ങാൻ സംഘാംഗങ്ങളെത്തും. പാഡുകൾ ചൂടു വെള്ളത്തിലിട്ട് കഴിഞ്ഞാൽ അതിൽ നിന്ന് സ്വർണം മാത്രം വേർതിരിഞ്ഞുവരുന്നതോടെ ലക്ഷങ്ങൾ കൈയിലാകും. ആരെങ്കിലും സ്വർണം തിരിച്ചേൽപിക്കാതെ മുങ്ങിയാൽ ഇവരെ കണ്ടെത്തി ക്രൂരമായി മർദിച്ച് വാങ്ങിക്കാൻ പ്രത്യേക ടീമുകളുമുണ്ട്.

സ്ത്രീകളാണ് കൂടുതലായും കാരിയർമാരായി എത്തുന്നത്. ഇതിനായി മാത്രം കേരളത്തിൽ നിന്ന് വരുന്നവരുണ്ട്. ഇവർക്ക് ഒരു മാസത്തോളം ഇവിടെ സുഖിച്ചു കഴിയാനുള്ള സൗകര്യം സ്വർണ കള്ളക്കടത്തുകാർ ഏർപ്പാടാക്കുന്നു. സംഘത്തലവൻ ഒരിക്കൽ തന്റെ സഹോദരിയെയും മക്കളെയും കൊണ്ടുവന്ന് വൻതോതിൽ സ്വർണം കടത്തിയതായും ഇവർ പറഞ്ഞു. മിക്ക കാരിയർമാരും ഒന്നര കിലോ സ്വര്‍ണമാണ് കൊണ്ടുപോകാറ്. ചിലർ ആറ് കിലോ വരെ കൊണ്ടുപോകും.

തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജിലെ സ്വർണക്കളക്കട‌ത്ത് കേസിലെ പ്രതിയായ ദുബായിലെ ഫൈസൽ ഫരീദിന്റെ പേര് താൻ ഒട്ടേറെ തവണ ഇൗ സംഘത്തിൽ നിന്ന് കേട്ടിരുന്നതായി ഷീജ പറയുന്നു. ഇത്തരത്തിൽ ഒട്ടേറെ അംഗങ്ങളുള്ള വിശാലമായ കള്ളക്കടത്ത് സംഘത്തിലാണ് ഇൗ യുവതി ഉൾപ്പെട്ടത്. യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മലയാളികളാണ് ഏറ്റവും കൂടുതൽ സ്വർണം കടത്തുന്നതെന്നും ഇതര സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾ വഴിയും കടത്താറുണ്ടെന്നും വെളിപ്പെടുത്തി.

മകളെ വിവാഹം കഴിക്കാൻ സംഘത്തലവൻ പ്രകടിപ്പിച്ച ആഗ്രഹം

ഷീജയുടെ രണ്ടാമത്തെ മകളെ വിവാഹം കഴിക്കാൻ സംഘത്തലവൻ പ്രകടിപ്പിച്ച ആഗ്രഹം തിരസ്കരിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്ന് ഷീജ വ്യക്തമാക്കുന്നു. ആ ആഗ്രഹം നടക്കില്ലെന്ന് പറഞ്ഞതോടെ ഇയാൾക്ക് തന്നോട് ശത്രുതയായി. ഇതറിയാതെ ഒരിക്കൽ ഇയാളോട് സഹായം തേടേണ്ടി വന്നു. മകള്‍ക്ക് കോളജിൽ അവധി ലഭിച്ചപ്പോൾ യുഎഇയിലേയ്ക്ക് വരാൻ അന്ന് നാട്ടിലുണ്ടായിരുന്ന സംഘത്തലവന്റെ സഹായം ആവശ്യപ്പെട്ടു. ശത്രുത മറച്ചുവച്ച് ഇയാൾ മകളെ കോളജിൽ ചെന്ന് കൂട്ടി. കൂടെ, ഇയാളുടെ സംഘത്തിലെ ഒരാളുമുണ്ടായിരുന്നു. എന്നാൽ, വിമാനം വൈകിയാണ് പുറപ്പെടുക എന്ന് തെറ്റിദ്ധരിപ്പിച്ച് ഇവർ പാലക്കാട് ഹോട്ടലിൽ മുറിയെടുത്തു. പിതാവും മകളും എന്നായിരുന്നു തലവൻ ഹോട്ടലുകാരോട് പറഞ്ഞിരുന്നത്.

കൂടെയുണ്ടായിരുന്നയാളെ ഭക്ഷണം വാങ്ങിക്കാൻ പറഞ്ഞയച്ച ശേഷം ഇയാൾ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചതായും, എന്നാൽ മകൾ കുളിമുറിയിൽ കയറി രക്ഷപ്പെട്ടെന്നും ഷീജ പരാതിപ്പെടുന്നു. ഭക്ഷണം വാങ്ങി വന്നയാളാണ് മകളെ രക്ഷപ്പെടുത്തിയത്. ഷാർജയിലെത്തിയ മകൾ, തലവന് നൽകിയ പണം തിരിച്ചുവാങ്ങാനും അവരുമായി എല്ലാ ബന്ധവും ഉപേക്ഷിക്കാനും ഷീജയെ നിർബന്ധിച്ചു. പിന്നീട് അവധി കഴിഞ്ഞ് മകൾ കോളജിലേയ്ക്ക് മടങ്ങിയ ശേഷം അന്ന് രക്ഷപ്പെടുത്തിയ ആളാണ് പാലക്കാട് ഹോട്ടലിലുണ്ടായ സംഭവം ഷീജയെ അറിയിച്ചതത്രെ. ഇതോടെ ഷീജയ്ക്ക് സംഘത്തലവനോടും ശത്രുതയാവുകയും ബാക്കി കിട്ടാനുള്ള പണം ആവശ്യപ്പെടുകയും ചെയ്തു.

തന്നെയും മകളെയും വകവരുത്തുമെന്ന് ഭീഷണി

യുഎഇയിലുള്ള, ഗ്രോസറി ജീവനക്കാരനായ തലവന്റെ സഹായി വഴി തന്നെയും മകളെയും വകവരുത്തുമെന്ന് ഇപ്പോൾ ഭീഷണി മുഴക്കുകയാണെന്ന് ഷീജ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിന്ന് മക്കളുടെ ചിത്രങ്ങൾ എടുത്ത് പലർക്കും അയച്ചുകൊടുക്കുന്നതായും കള്ളങ്ങൾ പറഞ്ഞ് ശബ്ദസന്ദേശമയക്കുന്നതായും ഷീജ പരാതിപ്പെടുന്നു. കൂടാതെ, സംഘാംഗങ്ങൾ നാട്ടിൽ പ്രായമുള്ള മാതാപിതാക്കളടക്കമുള്ളവരെയും ഭീഷണിപ്പെടുത്തുന്നു. നാട്ടിൽ പൊലീസിൽ പരാതിപ്പെടാനായി പോകാൻ തീരുമാനിച്ചപ്പോൾ എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിമുഴക്കിയതിനാൽ ഭയന്ന് പിന്മാറുകയായിരുന്നുവത്രെ. കൂടാതെ തങ്ങളെ സഹായിച്ചയാളെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നും പറഞ്ഞു.

ഭർത്താവില്ലാതെ വളരെ കഷ്ടപ്പെട്ടാണ് താൻ മക്കളെ വളർത്തിയതെന്നും മനസമാധാനത്തോടെ ജീവിക്കാൻ സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഷീജയുടെ മൂത്തമകൾ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവർ പറഞ്ഞു. എന്നാൽ, ഷാർജ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനെ പ്രശ്നപരിഹാരത്തിനായി കോൺസുലേറ്റ് ഏർപ്പാടാക്കി തരികയാണ് ചെയ്തത്. ഇദ്ദേഹം പക്ഷേ, ഇപ്പോൾ ഫോണിൽക്കൂടി പോലും പ്രതികരിക്കുന്നില്ല. എല്ലാവരെയും കള്ളക്കടത്തു സംഘം കൈയിലാക്കിയിരിക്കുകയാണെന്നും ഷീജ ആരോപിക്കുന്നു. തന്നെ ഉപദ്രവിക്കുന്നവരെയും സ്വർണക്കള്ളക്കടത്തിന്റെ രഹസ്യങ്ങളും ആരുടെ മുൻപിലും വെളിപ്പെടുത്താനും ഇവർ തയാറാണ്. അവരെന്നെയും മക്കളെയും കൊല്ലും. അതിന് മുൻപ് രക്ഷിക്കണം– നിരാലംബയായ ഇൗ സ്ത്രീ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു.

അതേസമയം, തങ്ങളുടെ കാരിയറായിരുന്ന ഷീജ കൈപ്പറ്റിയ ആറ് കിലോ സ്വർണം തിരികെ തരാതെ മുക്കിയതായി കള്ളക്കടത്തുകാര്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരു ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. അതിൽ പറയുന്നത് ഇപ്രകാരമാണ്: ‘തങ്ങളുടെ കാരിയറായ ഷീജ എന്ന സ്ത്രീയും അവരുടെ മാതാവും സ്വർണവുമായി നാട്ടിലേയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തി. എന്നാൽ, മാതാവ് മാത്രമേ പോയുള്ളൂ. ഷീജ ആരും കാണാതെ വിമാനത്താവളത്തിൽ നിന്ന് സ്വർണവുമായി തിരികെ വന്നു. ഷാർജയിൽ താമസിക്കുന്ന ഷീജയെ കണ്ടുകിട്ടുന്നവർ വിവരം കൈമാറണമെന്നും’ ശബ്ദ സന്ദേശത്തിൽ പറയുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവുമായി യുഎഇയിൽ നിന്ന് നാടുവിട്ട ഇൗ സ്ത്രീകൾ ഇപ്പോൾ ഷാര്‍ജയിലുണ്ടെന്നും ഇവരെ കണ്ടെത്തുന്നവർ പൊലീസിൽ വിവരം ധരിപ്പിക്കണമെന്നുമാണ് വാട്സാപ്പിൽ പ്രചരിപ്പിക്കുന്ന ഷീജയുടെയും മകളുടെയും ചിത്രത്തോടൊപ്പമുള്ള സന്ദേശം.

Similar Articles

Comments

Advertisment

Most Popular

ആലപ്പുഴ ജില്ലയിൽ ഇന്ന് 414 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 414 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാർ സ്വദേശിയുടെ...

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ തിരുവനന്തപുരം ജില്ലയില്‍; തൊട്ടു പുറകില്‍ മലപ്പുറവും എറണാകുളവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല തിരുവനന്തപുരം ആണ്. സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 1050 പേര്‍ തിരുവനന്തപുരം ജില്ലക്കാരാണ്. തൊട്ടു പുറകില്‍ മലപ്പുറം...

ആയിരം കടന്ന് തിരുവനന്തപുരം, മലപ്പുറം, എറണാകുളം, ജില്ലകളിലും കൂടുതൽ രോഗികൾ

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414,...