വിമാനാപകടത്തിൽ ഭാര്യയും മകനും മരിച്ചു; ഹൃദയം തകർന്ന് നിജാസ് ദുബായിൽ നിന്ന് നാട്ടിലേക്ക്

ദുബായ് : ഇടനെഞ്ചിൽ വലിയൊരു ഭാരവുമായാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് നിജാസ് ചെമ്പായി ഇന്ന് വൈകിട്ട് കണ്ണൂരിലേയ്ക്ക് യാത്ര തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് മുത്തംനൽകി പറഞ്ഞയച്ച ഒരു വയസുകാരന്‍ മകൻ അസം മുഹമ്മദ് കരിപ്പൂർ വിമാനാപകടത്തിൽ എന്നെന്നേക്കുമായി തന്നെ വിട്ടുപിരിഞ്ഞുവെന്നും പ്രിയതമ ഷാഹിറാ ബാനു (29) ഗുരുതര നിലയിലാണെന്നും മറ്റു രണ്ട് മക്കൾക്ക് പരുക്കുണ്ടെന്നും അറിഞ്ഞതു മുതൽ അതീവ ദുഃഖത്തിലാണ്ട മുഹമ്മദ് നിജാസിനെ സാന്ത്വനിപ്പിക്കാനാകാതെ സുഹൃത്തുക്കൾ പാടുപെടുകയായിരുന്നു. ഷാഹിറാ ബാനുവിന്റെ മരണം ഉറപ്പാക്കിയിരുന്നുവെങ്കിലും അത് താങ്ങാനുള്ള കരുത്ത് മുഹമ്മദ് നിജാസിന് ഉണ്ടാവില്ലെന്ന് കരുതി ബന്ധുക്കളും സുഹൃത്തുക്കളും ഈ വിവരം മറച്ചുവച്ചാണ് അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയക്കുന്നത്.

ഏഴ് വർഷത്തോളം ഷാർജ നാഷനൽപെയിന്റ്സിനടുത്തെ ഫ്ലാറ്റിൽ കൂടെയുണ്ടായിരുന്ന ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെ വീസ റദ്ദാക്കിയാണ് നാട്ടിലേയ്ക്ക് പറഞ്ഞയച്ചത്. കോവിഡ്–19 കാരണം മൂത്ത രണ്ടു മക്കളുടെ വിദ്യാഭ്യാസം തകരാറിലാകുമെന്ന ആശങ്കയാണ് കുടുംബത്തെ തിരിച്ചയക്കാനുള്ള തീരുമാനത്തിന് പിന്നില്‍. അടുത്ത മാസമായിരുന്നു യാത്ര നേരത്തെ തീരുമാനിച്ചിരുന്നത്. കുടുംബത്തിന് ക്വാറന്റീനിൽ കഴിയാൻ ഒരു വീട് പെട്ടെന്ന് തരപ്പെട്ടപ്പോൾ യാത്ര ഇന്നലത്തേയ്ക്ക് ആക്കുകയായിരുന്നു.

കുടുംബത്തെ യാത്രയയച്ച് തിരിച്ച് താമസ സ്ഥലത്ത് എത്തിയതുമുതൽ മുഹമ്മദ് നിജാസ് ഏറെ വിഷാദത്തിലായിരുന്നു. എന്നാൽ, സുഹൃത്തുക്കളായ മൻസൂറും ജംഷീറും മറ്റും ചേർന്ന് തമാശകൾ പറഞ്ഞ് സന്തോഷിപ്പിക്കാൻ ശ്രമിച്ചു. പിന്നീട്, രാത്രിയോടെ അപകട വാർത്ത അറിഞ്ഞതുമുതൽ മുഹമ്മദ് നിജാസ് ആകെ തകർന്നു. നാട്ടിലേയ്ക്ക് വിളിച്ചും മറ്റും കുടുംബത്തിന്റെ വിവരം അറിയാൻ യത്നിച്ചുകൊണ്ടിരുന്നു. കൂട്ടിന് സുഹൃത്തുക്കളുമുണ്ടായിരുന്നു.
വൈകാതെ ഇളയ കുട്ടി അസം മുഹമ്മദ് മരിച്ചതായും ഭാര്യക്ക് പരുക്കുണ്ടെന്നും മറ്റു മക്കൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടെന്നും വിവരം ലഭിച്ചു. അലറിക്കരഞ്ഞ ഇദ്ദേഹത്തെ സമാശ്വസിപ്പിക്കാനാകാതെ എല്ലാവരും വലഞ്ഞു. പിന്നീട് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള വഴിതേടുകയായിരുന്നു. ഇന്ന് രാത്രി കണ്ണൂരിലേയ്ക്കുള്ള വിമാനത്തിൽ ടിക്കറ്റ് ലഭിച്ചു. പ്രിയസുഹൃത്തിന് എല്ലാ പ്രയാസങ്ങളും നേരിടാനുള്ള കരുത്തുണ്ടാകണമേ എന്ന പ്രാർഥനയിലാണ് യുഎഇയിലെ സുഹൃത്തുക്കൾ.

Similar Articles

Comments

Advertismentspot_img

Most Popular