ഇന്ത്യാ- ചൈന സംഘർഷം നിലനിൽക്കുന്നതിനിടെ ലഡാക്കിലെ തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓൾഡിയിൽ ചിനൂക് ഹെലികോപ്റ്റർ രാത്രിയിൽ പറത്തി വ്യോമസേന. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിൽലുള്ള ദൗലത് ബേഗ് ഓൾഡി ഇന്ത്യൻ സൈന്യത്തിന്റെ യഥാര്‍ഥ നിയന്ത്രണരേഖയിലെ അവസാനത്തെ ഔട്ട് പോസ്റ്റാണ്. കാരക്കോറം ചുരത്തിന് സമീപമുള്ള ഇവിടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
സൈനികരെയും ആയുധങ്ങളും പെട്ടെന്ന് എത്തിക്കാൻ സഹായിക്കുന്ന ഹെലികോപ്റ്ററാണ് ബോയിങ് കമ്പനിയുടെ ചിനൂക്ക്. ദൗതല് ബേഗ് ഓൾഡിയിലെ എയർ സ്ട്രിപ്പിൽ വിമാനമിറക്കാൻ സാധിക്കാതെ വരികയാണെങ്കിൽ ആയുധങ്ങളും മറ്റും എത്തിക്കാൻ ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വരും. ഇത്രയും ഉയരത്തിൽ ചിനൂക് രാത്രിയിൽ എത്തിച്ച് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനാകുമോയെന്ന പരിശോധനയാണ് നടത്തിയത്.
ഇതിന് സമീപമാണ് ചൈന കൈവശപ്പെടുത്തിയ അക്സായ് ചിൻ ഉള്ളത്. ഈ പ്രദേശത്ത് ചൈന വലിയ തോതിൽ സൈന്യത്തെ നിലനിർത്തിയിട്ടുണ്ടെന്ന കണ്ടത്തെലിന്റെ അടിസ്ഥാനത്തിലാണ് രാത്രിയില്‍ ചിനൂക് ഇവിടെ പറന്നത്.
അമേരിക്കൻ നിർമിത ചിനൂക്കിന് രാത്രിയിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും. അഫ്ഗാൻ യുദ്ധസമയത്ത് അവിടുത്തെ മലനിരകളിൽ കാര്യക്ഷമമായ പോരാട്ടത്തിന് അമേരിക്കൻ സൈന്യത്തെ സഹായിച്ചതിൽ ചിനൂക്കിന്റെ സാന്നിധ്യം ഒരു ഘടകമാണ്. ഇതിന്റെ മുന്നിലും പിന്നിലും അതീവ ശക്തിയേറിയ യന്ത്രത്തോക്കുകൾ ഘടിപ്പിച്ചിട്ടുണ്ട്. താഴെയുള്ള സൈന്യത്തിന് പിന്തുണ നൽകാൻ ഇതിലൂടെ സാധിക്കും.
#CHINOOK_ARICRAFT #CHINA_ISSUE #INDIAN_AIRFORCE