വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ് മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷംമുതല്‍ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്്്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ്. അന്താരാഷ്ട്ര കീഴ്വഴക്കമനുസരിച്ച് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷംമുതല്‍ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും.

ഇന്ത്യയിലെ നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കന്പനികളുടെ കണ്‍സോര്‍ഷ്യമാണ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാന്‍ വിദേശത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പുനര്‍ ഇന്‍ഷുറന്‍സ് (റീ ഇന്‍ഷുറന്‍സ്) നല്‍കിയിട്ടുമുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറിപ്പോര്‍ട്ടിനും ഇന്‍ഷുറന്‍സ് കമ്പനികളുടെ സര്‍വേ റിപ്പോര്‍ട്ടിനും ശേഷമേ തുക കിട്ടൂ. ഇതിന് സമയമെടുക്കും. മംഗളൂരു വിമാനദുരന്തത്തില്‍ ഇപ്പോഴും ഇന്‍ഷുറന്‍സ് തുക ലഭിക്കാനുള്ളവരുണ്ട്.

വിമാനടിക്കറ്റ് എടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. പരിക്കേല്‍ക്കുന്നവരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ വ്യക്തതയില്ല. മംഗളൂരു ദുരന്തത്തില്‍ ഇതിനായി കോടതിയെ സമീപിക്കേണ്ട സ്ഥിതിവരെ ഉണ്ടായി.

വിമാനത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ 95 ശതമാനത്തില്‍ കൂടുതല്‍ റീ ഇന്‍ഷുറന്‍സ് ആണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന ആശ്വാസതുകയ്ക്കുപുറമേയാണ് ഇന്‍ഷുറന്‍സ് മുഖേനയുള്ള നഷ്ടപരിഹാരം.

ക്രെഡിറ്റ് കാര്‍ഡുള്ള യാത്രക്കാരാണെങ്കില്‍, കാര്‍ഡ് എടുക്കുമ്പോള്‍ പ്രത്യേക ഇന്‍ഷുറന്‍സ് അപേക്ഷാഫോറം നല്‍കിയിട്ടുണ്ടെങ്കില്‍ അപകടമരണം സംഭവിച്ചാല്‍ ആ ഇന്‍ഷുറന്‍സിനും അര്‍ഹരാണ്. രണ്ടുലക്ഷംമുതല്‍ മുകളിലേക്കാണ് ഇത്തരം നഷ്ടപരിഹാരത്തുക. ഇതിനുപുറമേ ട്രാവല്‍ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പ്രീമിയം അനുസരിച്ച് ആ തുകയും ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular