കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ പത്തൊമ്പത് പേർ മരിച്ചതായാണ് വിവരം. നൽപ്പതുകാരിയായ സിനോബിയയുടെ മരണമാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന സിനോബിയ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. മരിച്ചവരുടെ വിവരങ്ങൾ പൂർണമായും ലഭ്യമായിട്ടില്ല. പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചിട്ടുണ്ട്. നാൽപതോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വ്യോമയാന മന്ത്രിക്ക് ഡിജിസിഎ നൽകിയിട്ടുണ്ട്. പൈലറ്റിന് റൺവേ കാണാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സാങ്കേതിക തകരാറുകൾ വിമാനത്തിനില്ല. വിമാനം റൺവേയിലേക്ക് എത്തുമ്പോൾ മോശം കാലാവസ്ഥയായിരുന്നു. റൺവേയിൽ കൃത്യമായി ഇറക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.