മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. മുപ്പതുമുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ആകെ 78 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതില്‍ 12 പേര്‍ രക്ഷപ്പെട്ടു. 66 പേരെ കാണാതായിട്ടുണ്ട്.
രക്ഷപ്പെട്ട 12 പേരില്‍ നാലുപേരെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ മൂന്നാര്‍ ടാറ്റ ഹോസ്പിറ്റലിലും ഒരാള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ് ഉള്ളത്. ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരാണ് ടാറ്റ ആശുപത്രിയിലുള്ളത്. പളനിയമ്മ(50) കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലാണ്.
അപകടത്തില്‍നിന്ന് രക്ഷിച്ചവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍.
രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനും ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു.
മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയില്‍ കവിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങള്‍ ഉള്ളതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.
follow us pathramonline