ഈ സീസണിൽ ഐപിഎലിനെ വിവോ സ്പോൺസർ ചെയ്യില്ലെന്ന് ബിസിസിഐ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ബിസിസിഐ ശരിവെച്ചിരിക്കുന്നത്. 2020 ഐപിഎലിലെ കൂട്ടുകെട്ട് റദ്ദാക്കാൻ വിവോയും ബിസിസിഐയും തീരുമാനിച്ചിരിക്കുന്നു എന്നാണ് വാർത്താ കുറിപ്പിലൂടെ ബിസിസിഐ അറിയിച്ചത്. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് നീക്കം..
ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറുക ഈ സീസണിൽ മാത്രമെന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. 2021ൽ വിവോ തിരികെയെത്തി 2023 വരെ തുടരും. ചൈനയുമായി തുടരുന്ന അതിർത്തി തർക്കങ്ങൾ കത്തി നിൽക്കുന്ന സമയമായതു കൊണ്ട് തന്നെ ഈ സീസണിൽ വിവോ ഐപിഎൽ സ്പോൺസർ ചെയ്താൽ ആരാധക രോഷം ഉണ്ടാവുമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി വിവോയെ മാറ്റി നിർത്താൻ ബിസിസിഐ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഈ സീസണിലേക്ക് മാത്രമായി ബിസിസിഐ ഒരു സ്പോൺസറെ തിരയുകയാണ്.
2022 വരെയാണ് വിവോയുമായുള്ള ഐപിഎല്ലിൻ്റെ കരാർ. ഇക്കാലയളവിൽ 2199 കോടി രൂപ സ്പോൺസർഷിപ്പ് വരുമാനമായി ബിസിസിഐക്ക് ലഭിക്കും.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്