മനസാക്ഷി മരവിച്ചിട്ടില്ലാത്ത ബാബുവിന്റെ മനസിന് സമൂഹത്തിന്റെ നിരവധി തുറകളിൽ നിന്നും സഹായഹസ്തം. നാണയങ്ങൾ വിഴുങ്ങിയ 3 വയസ്സുകാരൻ പൃഥ്വിരാജിനെ ആശുപത്രിയിൽ എത്തിക്കാൻ ബാബു നടത്തിയ പരിശ്രമങ്ങൾ വാർത്തയായിരുന്നു. ജീവിതദുരിതങ്ങൾ മറന്ന് കുഞ്ഞിനെ സഹായിക്കാൻ മുന്നോട്ട് വന്ന ബാബുവിനെ സാമ്പത്തികമായി സഹായിക്കാമെന്ന് ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ ഫെയ്സ്ബുക് കുറിപ്പിൽ ആഹ്വാനം ചെയ്തു. ബാബുവിന്റെ മകന്റെ ചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്:
ബാബു വറുഗീസ് , നിങ്ങളാണ് നാടിന്റെ മാതൃക. കുട്ടി നാണയം വിഴുങ്ങിയതുമൂലം ചികിത്സക്ക് വേണ്ടി കണ്ണീരൊഴുക്കി നിസഹായരായി നിന്ന അമ്മയെയും അമ്മുമ്മയെയും ആലുവായിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി എറണാകുളത്തു എത്തിച്ചു. തിരിച്ച് ആലപ്പുഴ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിച്ചു പണമില്ലാത്ത പാവങ്ങളുടെ കരച്ചിൽ കേട്ടു. ഒരു രൂപ പോലും വാങ്ങാതെ 200ൽ പരം കി. മീ. ദൂരം ഓടി. അഭിനന്ദനങ്ങൾ. നാടിന്റെ അഭിമാനമാണ് അങ്ങ്. സ്വന്തം മകൻ തളർന്ന് വീട്ടിൽ കിടക്കപ്പായിൽ കിടന്ന് മുക്കിയും, മൂളിയും, നിരങ്ങിയും കഴിയുമ്പോഴും , ചികിത്സിക്കാൻ കടമെടുത്തു നട്ടം തിരിയുമ്പോഴും അങ്ങയുടെ മന:സാക്ഷി മരവിച്ചില്ല. ആ അമ്മമാരുടെ കണ്ണീർ ബാബുവിന്റെ മനുഷ്യത്വത്തെ ഉണർത്തി.
തിരുവല്ലയിൽ വണ്ടിയിടിച്ചു മാരകമായ പരിക്കുകളോടെ രക്തം വാർന്നൊലിച്ചു കിടന്ന ബൈക്ക് യാത്രക്കാരനെ സഹായിക്കാൻ കൂട്ടം കൂടിനിന്നവരാരും തയ്യാറായില്ലെന്ന വാർത്ത കേട്ട് ഇന്നലെ തരിച്ചു നിന്ന ‘പ്രബുദ്ധ കേരളം ‘ ഇന്ന് അങ്ങയെ ഓർത്തു അഭിമാനിക്കുന്നു.
കോവിഡ്കാലത്ത് ഓട്ടോറിക്ഷാ ഡ്രൈവർ ജോലിക്ക് ഒന്നും കിട്ടാനില്ല എന്ന എല്ലാവര്ക്കും അറിയാം. എന്നിട്ടും ത്യാഗത്തിന് തയ്യാറായി. ജീവിതത്തിന്റെ പരിക്കൻ യാഥാർത്ഥ്യങ്ങളെ നേരിൽ കണ്ടതിന്റെ അനുഭവസമ്പത്ത് അങ്ങയെ മഹാനാക്കുന്നു.
ബാബു വറുഗീസ്, പ്രത്യാശയും പ്രതീക്ഷയുമാണ് അങ്ങ്. സ്വന്തം കുടുംബം കഷ്ടപ്പെടുമ്പോഴും ആ അമ്മയും കുഞ്ഞും അമ്മുമ്മയും അനുഭവിച്ച വേദന സ്വന്തം നെഞ്ചിലേറ്റുവാങ്ങിയ അങ്ങേയ്ക്ക് അനന്തകോടി നമസ്കാരം!
ബാബു വറുഗീസ്, അങ്ങ് തനിച്ചല്ല. മകന്റെ ചികിത്സയ്ക്ക് ആവുന്ന എല്ലാ സഹായവും നൽകാൻ ഈ നാട്ടിൽ ജീവകാരുണികരായ സുമനസുകൾ മുന്നോട്ട് വരും ..ഒപ്പം നമ്മൾ ഉണ്ട്.
Account Details:-
Mr Babu Varghese.
Ac No :- 14660100031694
Federal Bank , Aluva
IFSC :- FDRL0001132
സാമ്പത്തിക ബുദ്ധിമുട്ടു മൂലം സെബിന്റെ ഫിസിയോതെറപ്പി നിർത്തിവച്ച കാര്യം വാർത്തയിൽ പറഞ്ഞിരുന്നു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ബാബുവിന്റെ നാലംഗ കുടുംബം ചൂർണിക്കര പഞ്ചായത്തിൽ വാടകയ്ക്കു താമസിക്കുകയാണ്. കൊച്ചിൻ ക്യൂൻ സിറ്റി റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ആർ. അവിനാഷ് ഓട്ടോ സ്റ്റാൻഡിലെത്തി ബാബുവിനു 10,000 രൂപയും ഉപഹാരവും നൽകി.
ക്ലബ് ഭാരവാഹികളായ ബേബി തോമസ്, സുധീർ മേനോൻ എന്നിവർ പങ്കെടുത്തു. ബാബു വർഗീസിനെ തായിക്കാട്ടുകര സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. പ്രസിഡന്റ് മുനീർ ഖാൻ പാരിതോഷികം കൈമാറി. ഭാരവാഹികളായ അമീർ അഫ്സൽ, അബ്ദുൽ ഹമീദ്, ചെറിയാൻ, അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു. വേറെയും വ്യക്തികളും സംഘടനകളും സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്.