കൊച്ചി: നാണയം വിഴുങ്ങിയ നാലുവയസുകാരന്റെ ദാരുണമരണം സംസ്ഥാനത്ത് വ്യാപക ചര്‍ച്ചയായി ഉയരുന്നതിനിടെ കൊച്ചിയില്‍ നിന്നും ഒരു ആശ്വാസവാര്‍ത്ത.
റമ്പൂട്ടാന്പഴം ശ്വസനാളത്തില്‍ കുടുങ്ങി ശ്വാസം നിലച്ച ആറുമാസം പ്രായമുള്ള ബാലനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
റമ്പൂട്ടാന്‍ പഴം ശ്വാസനാളത്തില്‍ കുരുങ്ങി ബോധരഹിതനായി ശ്വാസം നിലച്ച അവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
15 മിനിട്ടുനീണ്ട പരിശ്രമത്തിനൊടുവില്‍ ഹൃദയമിടിപ്പ് വീണ്ടെടുത്തു. തുടര്‍ന്ന് ബ്രോങ്കോസ്കോപ്പി പ്രക്രിയയിലൂടെ ശ്വാസനാളത്തില്‍ കുടുങ്ങിയ റമ്പൂട്ടാന്‍ പുറത്തെടുക്കുകയായിരുന്നു.
റമ്പൂട്ടാന്‍ പുറത്തെടുത്ത് ഹൃദയമിടിപ്പ് പുനസ്ഥാപിയ്ക്കാനായെങ്കിലും ആരോഗ്യനില വഷളായ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി.
വിദഗ്ദരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്നും ദിവസം നീണ്ട ചികിത്സകള്‍ക്കൊടുവിലാണ് കുട്ടി സാധാരണനിലയിലേക്ക് മടങ്ങിയെത്തി.
കുട്ടികളുടെ ചികിത്സാ വിഭാഗം മേധാവി ഡോക്ടര്‍ ബിപിന്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. കഴിഞ്ഞ 28 നാണ് കുട്ടിയുടെ ശ്വാസനാളത്തില്‍ റമ്പൂട്ടാന്‍ കുടുങ്ങിയത്.
ആലുവ സ്വദേശികളായ ദമ്പതികള്‍ സമയം നഷ്ടപ്പെടാതെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതും കുട്ടിയുടെ ജീവന് രക്ഷിയ്ക്കുന്നതില്‍ നിര്‍ണായകമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.