സുശാന്ത് സിംഗ് രജ്പുതിന്റെ മരണം അന്വേഷിക്കുന്ന പാട്‌ന എസ്പി വിനയ് തിവാരി നിർബന്ധിത ക്വാറന്റീനിൽ. ഐപിഎസ് ഉദ്യോഗസ്ഥനെ ബലം പ്രയോഗിച്ച് ക്വാറന്റീൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തു.
സുശാന്തിന്റെ മരണം അന്വേഷിക്കാൻ പാട്‌നയിൽ നിന്ന് മുംബൈയിൽ എത്തിയതാണ് വിനയ് തിവാരി. മാധ്യമപ്രവർത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുൻപ് കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിന്റെ കൈയിൽ ക്വാറന്റീൻ സീൽ പതിക്കുകയായിരുന്നു. രാത്രിയോടെ വിനയ് തിവാരിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടിയെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം.
അതേസമയം, മുംബൈയിൽ നടന്ന സംഭവം മുംബൈ പൊലീസ് തന്നെ അന്വേഷിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, മുംബൈ പൊലീസിന്റെ അധികാരം അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്നത്. ബിഹാർ പൊലീസ് പട്‌നയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും സംഭവം നടന്ന പരിധിയിലെ പൊലീസിനും കോടതിക്കുമാണ് അധികാരം. മുംബൈ പൊലീസ് പ്രഫഷണൽ സമീപനത്തോടെയാണ് അന്വേഷിക്കുന്നത്. കേസിനെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ആരോപിച്ച അനിൽ ദേശ്മുഖ്, സിബിഐക്ക് വിടണമെന്ന ആവശ്യത്തെയും അപലപിച്ചു.