മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ മുംബൈയിലെത്തിയ ബിഹാർ പൊലീസ് സംഘം നടന്റെ മുൻ മാനേജർ ദിഷ സാലിയാന്റെ ആത്‍മഹത്യയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ തേടുന്നു. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുൻപ് ജൂൺ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തിൽ നിന്നു വീണുമരിച്ച നിലയിലാണ് ദിഷയെ കണ്ടെത്തിയത്.
നടന്റെ കാമുകിയും ഇപ്പോൾ ആരോപണ വിധേയയുമായ റിയ ചക്രവർത്തിയുടെ മാനേജരായും ദിഷ സാലിയാൻ പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, മരണങ്ങൾ തമ്മിൽ ബന്ധമില്ലെന്നാണ് മുംബൈ പൊലീസിന്റെ നിഗമനം.
സുശാന്തിനൊപ്പം ഒരു വർഷമായി താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പിഥാനിയെ ഉടൻ ചോദ്യം ചെയ്യുമെന്നും ബിഹാർ പൊലീസ് അറിയിച്ചു. നടന്റെ ക്രിയേറ്റീവ് മാനേജരായിരുന്ന സിദ്ധാർഥാണ് മൃതദേഹം ആദ്യം കണ്ടത്. റിയയ്ക്കെതിരെ മൊഴി നൽകാൻ സുശാന്തിന്റെ കുടുംബം തന്നെ നിർബന്ധിക്കുന്നതായി കഴിഞ്ഞ ദിവസം സിദ്ധാർഥ് മുംബൈ പൊലീസിനെ അറിയിച്ചിരുന്നു.
ബിഹാർ പൊലീസിലെ നാലംഗ സംഘം നടത്തുന്ന അന്വേഷണത്തിനു നേതൃത്വം നൽകാൻ പട്ന എസ്പി വിനയ് തിവാരി മുംബൈയിലെത്തി. ഇതുവരെ 10 പേരെ ചോദ്യം ചെയ്ത സംഘം കേസുമായി ബന്ധപ്പെട്ട രേഖകൾ, ഫൊറൻസിക് റിപ്പോർട്ട്, ഇൻക്വസ്റ്റ്, പോസ്റ്റ് മോർട്ടം രേഖകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കൈമാറാൻ മുംബൈ പൊലീസിനോട് അഭ്യർഥിച്ചു. ബിഹാർ സംഘവുമായി മഹാരാഷ്ട്ര പൊലീസ് സഹകരിക്കുന്നില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോഡി ആരോപിച്ചു. ബോളിവുഡ് മാഫിയയുടെ സമ്മർദത്തിലാണ് ഉദ്ധവ് താക്കറെ സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.
Follow us on pathram online latest news