വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. സിബിഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ് ബന്ധുക്കള്‍ക്കുള്ളത്.
ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസില്‍ ഇരുപത്തിയഞ്ച് പേര്‍ ഇപ്പോഴും ഒളിവില്‍. എട്ട് പേര്‍ക്കെതിരെ കോഫേപോസ ചുമത്തിയെങ്കിലും രണ്ട് പേര്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങിയോതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി. 700 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന സംഘം സ്വര്‍ണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കും.
2019 മെയ് 13ന് 25 കിലോ സ്വര്‍ണം പിടികുടി. നയതന്ത്ര സ്വര്‍ണക്കടത്തിന് മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ട. കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം 9 പേര്‍ അറസ്റ്റില്‍. ഡിആര്‍ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞെങ്കിലും 25 പേരെ പിടികൂടാനായില്ല. പിടികൂടിയതില്‍ 8 പേര്‍ക്കെതിരെ കോഫേപോസ ചുമത്തിയെങ്കിലും നാല് പേരെ കോടതി ഒഴിവാക്കി. രണ്ട് പേര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. അങ്ങിനെ കേസിന് ഒരു വര്‍ഷം ആകുമ്പോള്‍ ജയിലിലുള്ളത് രണ്ട് പേര്‍ മാത്രം. ബാലഭാസ്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പ്രാഥമികമായി അന്വേഷിച്ചെങ്കിലും ഇല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇനി ഇവിടന്നാണ് സി.ബി.ഐ തുടങ്ങുന്നത്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത സിബിഐ അന്വേഷണത്തോടെ തീരുമെന്നാണ് ബന്ധുക്കളും സംഗീതലോകത്തെ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും കരുതുന്നത്. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍, സാക്ഷിമൊഴികള്‍, ബന്ധുക്കളുടെ പ്രതികരണം മുതലായവ കണക്കിലെടുക്കുമ്പോള്‍ ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്നുവരുന്നു. ബാലഭാസ്‌കറിനെ മൃതപ്രായനാക്കിയതിന് ശേഷം അപകടം സൃഷ്ടിച്ചതാണെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവായേക്കും. ബാലുവിന്റെ ശരീരത്തിലുണ്ടായിരുന്ന 23 മുറിവുകളില്‍ ചിലത് അപകടത്തിന് മുന്‍പ് സംഭവിച്ചതാകാമെന്ന സൂചന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഉയരുന്ന പ്രധാന സംശയങ്ങള്‍ ഇവയാണ്. കേസിലെ മൊഴികള്‍, രേഖകള്‍, സാഹചര്യങ്ങളിലെ വൈരുധ്യങ്ങള്‍ എന്നിവയാണ് ഈ സംശയങ്ങളുടെ ആധാരം.
അപകടം നടന്നപ്പോള്‍ വണ്ടി ഓടിച്ചത് താനല്ല എന്ന് ഡ്രൈവര്‍ അര്‍ജുന്‍ ആവര്‍ത്തിക്കുന്നതെന്തിന്? വണ്ടി അപകടത്തില്‍പെട്ടതിനെ തുടര്‍ന്നുള്ള നിയമനടപടികള്‍ പേടിച്ച് മാത്രമാണോ ബാലഭാസ്‌കറാണ് ഡ്രൈവ് ചെയ്തതെന്ന് അര്‍ജുന്‍ പറഞ്ഞത്? അര്‍ജുന്‍ ബാലുവിന്റെ പിതാവ് കെസി ഉണ്ണിക്ക് അയച്ച അപകട നഷ്ടപരിഹാര നോട്ടീസില്‍ ഒരു കോടിയിലധികം രൂപ ആവശ്യപ്പെടുന്നുണ്ട്. ബാലുവിന്റെ ലീഗല്‍ ഹയര്‍ അല്ല കെ സി ഉണ്ണി. ലതയുടെ ഉറ്റ ബന്ധു ആണ് അര്‍ജുന്‍. ലതയും ലക്ഷ്മിയും സൗഹൃദം തുടരുന്നുണ്ട്. ഈ നോട്ടീസ് ബാലുവിന്റെ പിതാവിനെ സമ്മര്‍ദ്ദത്തിലാക്കാനാണോ? ലക്ഷ്മി അറിഞ്ഞിട്ടാണോ ഇത്?
അജി ക്രിസ്തുദാസ് എന്ന കെഎസ്ആർടിസി ഡ്രൈവർ എങ്ങനെ സാക്ഷിയായി വന്നു? ആരാണ് അജി ക്രിസ്തുദാസിനെ സാക്ഷി ആക്കിയത്? കള്ള സാക്ഷിയായി വന്ന അജി ക്രിസ്തുദാസിന് ദുബായിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ടിൽ ഡ്രൈവർ ആയി എങ്ങനെയാണ് ജോലികിട്ടിയത്?
സുരക്ഷിതത്വത്തിനായി തിടുക്കത്തില്‍ ലക്ഷ്മിയുടെ ഫ്‌ലാറ്റില്‍ സിസിടിവി സ്ഥാപിക്കാനുള്ള നീക്കങ്ങളുണ്ടായി. എന്ത് സുരക്ഷാ പ്രശ്നമാണ് ലക്ഷ്മിക്ക് ഉള്ളത്? ലക്ഷ്മിയുടെ ഫ്ലാറ്റിൽ സിസിടിവി വച്ചത് എന്തിന്? അതിൻറെ ലിങ്ക് പ്രകാശ് തമ്പിയുടെ ഫോണുമായി കണക്ട് ചെയ്തത് ആര്?ലക്ഷ്മിയുടെ സുരക്ഷയുടെ കസ്റ്റോഡിയൻ തമ്പി ആണോ?
ലക്ഷ്മി സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നുണ്ടോ? ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കേണ്ടതില്ല എന്നു ലക്ഷ്മി പറയാൻ കാരണമെന്ത്? ലക്ഷ്മിയും ലതയും തമ്മിലുള്ള ബന്ധം എന്താണ്?
ബാലഭാസ്‌കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന പൂന്തോട്ടം എന്ന ആയുര്‍വേദ റിസോര്‍ട്ടും
ബാലഭാസ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാട് എന്താണ്?
അർജുനെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോൾ കുറേക്കാലം കാണാതായിരുന്നു. അസമിൽ പോയി എന്നാണ് മാധ്യമങ്ങൾ പറഞ്ഞത്. ഈ സമയത്ത് അർജുൻ പൂന്തോട്ടത്തിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നോ? എങ്കിൽ ഒളിപ്പിച്ചത് എന്തിന്?
എന്തിനാണ് ബാലഭാസ്കറിന്റെ വൃദ്ധമാതാപിതാക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നത്? അവർക്ക് പണത്തിന് ആർത്തിയാണ് എന്ന പ്രചരണം നടത്തുന്നവരുടെ യഥാർത്ഥ ഉദ്ദേശം എന്താണ്? ബാലഭാസ്‌കറിന്റെ സ്വത്ത് തനിക്ക് വേണ്ടെന്ന് പിതാവ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഈ കഥയ്ക്ക് വന്‍പിച്ച പ്രചാരണം എങ്ങനെയുണ്ടായി? അച്ഛൻ സ്വത്തുക്കൾക്ക് വേണ്ടിയാണ് കേസുമായി മുന്നോട്ടു പോകുന്നത് എന്ന് പറയുന്നത് ആരുടെ താല്പര്യ പ്രകാരം?
പാലക്കാട് നിന്ന് രാത്രി തന്നെ തിരിക്കാനും അതിവേഗം വണ്ടി ഓടിക്കാനും തീരുമാനിച്ചതിൽ അസ്വാഭാവികത ഉണ്ടോ?
ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും സ്വർണ്ണക്കള്ളക്കടത്ത് നടത്തുന്നുണ്ട് എന്ന് ബാലഭാസ്കറിന് അറിയാമായിരുന്നോ?
ബാലഭാസ്കർ അവസാന ദിവസങ്ങളിൽ ദുഖിതനായിരുന്നത് എന്തുകൊണ്ട്? അവസാന മാസങ്ങളിൽ ബാലു അച്ഛനോടും അമ്മയോടും സഹോദരിയോടും കൂടുതൽ അടുക്കാൻ കാരണം എന്ത്?
പോലീസും ക്രൈംബ്രാഞ്ചും സോബി ജോർജിൻറെ മൊഴി വിശ്വാസത്തിൽ എടുക്കാത്തതെന്തുകൊണ്ട്
ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?
സോബി പറഞ്ഞതുപോലെ മംഗലപുരം പള്ളിപ്പുറം റോഡിൽ വച്ച് ബാലഭാസ്കർ ആക്രമിക്കപ്പെട്ടിരുന്നോ? ആക്രമിക്കപ്പെട്ടില്ല എങ്കിൽ ഇല്ലെങ്കിൽ സോബിയുടെ ഉദ്ദേശം എന്ത്
അപകടം നടന്ന 30 മിനിറ്റെങ്കിലും കഴിഞ്ഞാണ് ആംബുലൻസും ഫയർഫോഴസും വന്നത് എന്നാണ് പറയുന്നത്. ഇത് വൈകിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തിനാണ്?
ബാലഭാസ്കറിനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കൊണ്ടുപോകാം എന്ന ഒരു ധാരണ ഉണ്ടായിരുന്നു അത് അട്ടിമറിച്ചത് എന്തിന്?
എയിംസിൽ ട്രാൻസ്ഫർ ചെയ്യാൻ ഉള്ള അപ്ലിക്കേഷൻ അയച്ചു കഴിഞ്ഞു എന്ന് തമ്പി കെ സി ഉണ്ണിയോട് പറഞ്ഞത് എന്തിന്?
അനന്തപുരി ആശുപത്രിയിലേക്ക് ബാലഭാസ്കറിനെ മാറ്റണമെന്ന് തീരുമാനം എടുത്തത് ആര് എന്തിന്?
ആശുപത്രിയിലെ വിസിറ്റേഴ്സിന്റെ കാര്യത്തിൽ നിയന്ത്രണം വരുത്തിയിട്ടും മരിക്കുന്ന ദിവസം ഒരു സന്ദര്‍ശകന് 40 മിനിറ്റ് വരെ നീളുന്ന കൂടിക്കാഴ്ച അനുവദിച്ചത് ആരുടെ നിർദേശ പ്രകാരം? ആ സന്ദര്‍ശകന്‍ ആരാണ്
ബാലുവിനെ അവസാനം കണ്ടത് ആര്? ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ബാലുവിന്റെ ആരോഗ്യം വഷളായോ? അതു വരെ കൂടെ ഉണ്ടായിരുന്ന പൂന്തോട്ടം എന്ന ആയുര്‍വേദ റിസോര്‍ട്ട് ഉടമയുടെ ഭാര്യ ലത അന്ന് തന്നെ പാലക്കാട് പോയത് എന്തിന്?
അവസാന ദിവസം സ്റ്റീഫൻ ദേവസ്സി എന്തിനാണ് ബാലുവിനെ കണ്ടത്? പറഞ്ഞത് എന്താണ്?
ബാലഭാസ്കറിന്റെ ബന്ധുക്കൾക്ക് നൽകുന്നതിന് മുൻപ് ഹോസ്പിറ്റൽ ഡോക്യുമെന്റ് തമ്പിക്ക് നൽകിയത് എന്തിന്?
ബാലഭാസ്കറിന് എവിടെയൊക്കെ നിക്ഷേപം ഉണ്ട്? ആർക്കൊക്കെ പണം നൽകിയിട്ടുണ്ട്?
ബാലഭാസ്കറിന്റെ ഫോൺ എങ്ങനെ തമ്പിയുടെ കൈവശമായി? ഇത് ഡി ആർ ഐ തമ്പിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തപ്പോൾ ബാലുവിന്റെ ഓർമ്മയ്ക്ക് ഫോൺ തമ്പിക്ക് നൽകി എന്നാണ് ലക്ഷ്മി പറഞ്ഞത്? യുക്തിയുണ്ടോ?
ഐസിയുവിൽ പോലും ലക്ഷ്മിക്കൊപ്പം സന്തത സഹചാരിയായി ലത നിൽക്കാൻ കാരണം എന്ത്?
ബാലഭാസ്കർ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോൾ ലത ബാലുവിന്റെയും അർജുന്റെയും ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. പുലർച്ചെ തുടരെ തുടരെ വിളിക്കുന്നത് വാഹനത്തിന്റെ ലൊക്കേഷൻ അറിയാൻ ആയിരുന്നോ?
എത്തിയോ എന്നറിയാനാണ് പുലര്‍ച്ചെ വിളിച്ചുകൊണ്ടേ ഇരുന്നത് എന്ന് പറയുന്നതില്‍ അസ്വാഭാവികതയില്ലേ?
ഇങ്ങനെ ഒരുപാട് ചോദ്യത്തിന് ഉത്തരങ്ങള്‍ ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരാനുണ്ട്.