കെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മോഷ്ടിച്ചത് അഞ്ചു കോടി രൂപ വിലമതിക്കുന്ന വിവരങ്ങള്‍, അടുത്ത ഹാക്കിങ് ഇതിലും വലിയതായിരിക്കുമെന്ന് ഹാക്കേഴ്‌സ്

കൊച്ചി: കെഎസ്ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ മോഷ്ടിച്ചത് അഞ്ചു കോടി രൂപ വിലമതിക്കുന്ന വിവരങ്ങള്‍ എന്ന് അവകാശവാദം. വെറും മൂന്നു മണിക്കൂര്‍ കൊണ്ടാണ് മൂന്നു ലക്ഷം പേരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കവര്‍ന്നത്. കെഎസ്ഇബി വെബ്‌സൈറ്റില്‍ നൂണ്ടു കയറി വിവരങ്ങള്‍ പകര്‍ത്തി വിവരങ്ങള്‍ വിഡിയോ രൂപത്തിലാക്കി ഫെയ്‌സ്ബുക് പേജിലൂടെ പങ്കുവച്ചതോടെ വിവരം പുറംലോകമറിഞ്ഞു. ഇന്നു രാവിലെ ആറു മണിയോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഗിള്‍ ഡോക്യുമെന്റായി വിവരങ്ങളെല്ലാം വേറെയും നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ഡോക്കുമെന്റ് ഫയല്‍. അതേസമയം, വിവരം പുറത്തു വന്നതോടെ കെഎസ്ഇബി ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നിര്‍ത്തി വച്ചിരിക്കുകയാണ്.

കെഎസ്ഇബിയുടെ വെബ്‌സൈറ്റിലെ കനത്ത സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഒരു ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും ഇത്തരത്തില്‍ ഹാക്ക് ചെയ്‌തെടുക്കാവുന്ന അവസ്ഥയാണ് ഇപ്പോള്‍ കെഎസ്ഇബി വെബ്‌സൈറ്റ്. കെഎസ്ഇബി സെക്ഷന്‍ ഓഫിസിലെ ആപ്ലിക്കേഷനില്‍ പോലും ഉപഭോക്താവിന്റെ ഇത്ര അധികം വിവരം നല്‍കിയിട്ടില്ല. എന്നിട്ടും ഒരു വിദഗ്ധന് പുറത്തുനിന്ന് ഇത് ലളിതമായി മോഷ്ടിക്കാമെന്നും ഹാക്കര്‍മാര്‍ പറയുന്നു. ഈ വിവരങ്ങള്‍ക്ക് ഇപ്പോള്‍ അഞ്ചു കോടി രൂപ വില ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഡേറ്റാ മോഷണത്തിന് വില്‍പന ലക്ഷ്യമില്ലാത്തതിനാല്‍ മൂന്നു ലക്ഷം പേരുടെ മാത്രം വിവരങ്ങള്‍ എടുത്ത് മോഷണം മതിയാക്കുകയായിരുന്നത്രേ.

സെര്‍വറിന്റെ സുരക്ഷാ വീഴ്ച പരിഹരിക്കാന്‍ മൂന്നാഴ്ചയാണ് കെഎസ്ഇബിക്ക് ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍ വിവരങ്ങള്‍ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ‘ആര് ഡിസൈന്‍ ചെയ്തതാണെലും കുന്നംകുളം സാധനവും ഡോളറില്‍ പണവും മേടിച്ചിട്ടുണ്ട് .. പണം ഞങ്ങളുടെ ആയതുകൊണ്ടാണ് 3 മാസം ടൈം തന്നത് റീഡിസൈ; ചെയ്യാന്‍’ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. കെഹാക്കേഴ്‌സിന്റെ ഔദാര്യമായി ഒരു സൗജന്യ വിന്‍ഡോസ് ആപ്ലിക്കേഷനും അറ്റാച്ച് ചെയ്ത് നല്‍കിയിട്ടുണ്ട് സംഘം. കെഎസ്ഇബി ബില്‍ ഡെസ്‌കിന്റെ നന്മയ്ക്കു വേണ്ടിയാണിത് എന്നും പോസ്റ്റില്‍ പറയുന്നു.

12 വര്‍ഷത്തിലേറെയായി സോഫ്റ്റ്വെയര്‍, ഡേറ്റാ സുരക്ഷ, നെറ്റ് വര്‍ക്കിങ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്ന വിദഗ്ധരാണ് സംഘത്തിലുള്ളതെന്ന് കെ ഹാക്കേഴ്‌സ് അവകാശപ്പെടുന്നു. ഒരു ദിവസം 20 മണിക്കൂര്‍ വരെ ജോലിക്കായി ചെലവഴിക്കുന്നുണ്ട്. വിവര മോഷണം പണമുണ്ടാക്കാനല്ലെന്നും ഇവര്‍ പറയുന്നു. ‘ഇതൊരു പ്രതിഷേധമാണ്, കാലഹരണപ്പെട്ട സമരമുറകളോട് കെഹാക്കേഴ്‌സിനു താല്‍പര്യം ഇല്ല, അതായത് പൊതുമുതല്‍ നശിപ്പിക്കുക , ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കുക തുടങ്ങിയവ. പൊതുമേഖലാ സ്ഥാപനങ്ങളിലും തദ്ദേശ വകുപ്പിലും ഭരണ സിരാ കേന്ദ്രത്തിലും ഉന്നത മാനേജ്‌മെന്റ് തലത്തില്‍ വരേണ്ടത് സ്റ്റേജ് കാണുമ്പോ, ചാനലില്‍ കേറുമ്പോ, വാ തോരാതെ സംസാരിക്കുന്നവരെ അല്ല. പകരം അതാതു മേഖലകളില്‍ കഴിവുള്ളവരും ദീര്‍ഘ വീക്ഷണം ഉള്ളവരും വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ആയിരിക്കണം. ഇത് ഒരു രാഷ്ട്രീയ സംഘടനയ്ക്കും എതിരെ ഉള്ള സമരമല്ല, കാലഹരണപ്പെട്ട സിസ്റ്റത്തിനെതിരെയുള്ള സമരമാണ്. നമ്മുടെ നാട് ആകണം ലോകത്തിനു തന്നെ മാതൃക, പക്ഷേ ഇപ്പോ എങ്ങനെ ആകരുത് എന്നുള്ളതിന് മാതൃക ആണ്.’ കെ ഹാക്കേഴ്‌സ് പറയുന്നു

ഇനി അടുത്ത ഹാക്കിങ് ഇതിലും വലിയതായിരിക്കുമെന്ന് കെ ഹാക്കേഴ്‌സ് പ്രതികരിച്ചു. പാര്‍ട്ട് എട്ട് എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. കെഎസ്ഇബി ഡേറ്റ ഹാക്ക് ചെയ്തത് പാര്‍ട്ട് 9 എന്ന പേരിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7