കോവിഡിന് മരുന്നുണ്ടെന്ന് ഡോക്ടർ; 350 പേരുടെ രോഗം മാറ്റി

സമൂഹ മാധ്യമങ്ങള്‍ ദൈവത്തിനേക്കാള്‍ വലുതൊന്നുമല്ല എന്ന വാദവുമായി ഒരു ഡോക്ടര്‍. അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ. സ്റ്റെല്ല ഇമ്മാനുവലാണ് വിവാദ പരാമര്‍ശവുമായി ശ്രദ്ധ നേടുന്നത്. മുഖവാരണം ധരിച്ചുതുകൊണ്ട് കോവിഡിനെ തടയാനാകില്ല എന്നു പറഞ്ഞാണ് ഡോ.സ്റ്റെല്ല ആദ്യം അമേരിക്കയില്‍ ശ്രദ്ധ നേടുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്റ്റെല്ലയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന്റെ വാക്കുകള്‍ നീക്കം ചെയ്തു. പ്രസിഡന്റിന്റെ ട്വീറ്റ് തന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടി പങ്കുവച്ച ട്രംപിന്റെ മകന്റെ സമൂഹ മാധ്യമ അക്കൗണ്ടും ട്വീറ്റര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

വാഷിങ്ടണില്‍ അമേരിക്കന്‍ സുപ്രീംകോടതിക്കു പുറത്തുവച്ചാണ് സ്റ്റെല്ല മുഖാവരണത്തെക്കുറിച്ചുള്ള വിഡിയോ ചിത്രീകരിച്ചത്. ‘കോവിഡിന് മരുന്നുണ്ട്. ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്നാണ് മരുന്നിന്റെ പേര്. എന്നാല്‍ നിങ്ങളെല്ലാവരും മുഖാവരണമായ മാസ്കിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നെനിക്കറിയാം. ഞാന്‍ ഒരു കാര്യം പറയട്ടെ. മാസ്ക് ധരിക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. ലോക്ഡൗണ്‍ നടപ്പാക്കേണ്ട കാര്യമില്ല. സ്കൂളുകള്‍ അടച്ചിട്ടതുകൊണ്ടും കോവിഡിനെ തടയാന്‍ ആവല്ല. അതിനു മരുന്നാണ് കഴിക്കേണ്ടത്’ – വിഡിയോയില്‍ ഡോ. സ്റ്റെല്ല പറയുന്നു.

ടെക്സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍ ആണെന്നാണ് വിഡിയോയില്‍ സ്റ്റെല്ല സ്വയം പരിചയപ്പെടുത്തുന്നത്. നൈജീരിയയില്‍ ആയിരുന്നു സ്റ്റെല്ലയുടെ പഠനം. ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്നുകൊണ്ട് താന്‍ 350 പേരുടെ കോവി‍ഡ് മാറ്റിയെന്നും സ്റ്റെല്ല അവകാശപ്പെടുന്നു. സ്റ്റെല്ലയും സുഹൃത്തുക്കളും ഉള്‍പ്പെട്ട ഗ്രൂപ്പിനെ വളരെ ബഹുമാനപ്പെട്ടവര്‍ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.

ഫെയ്സ്ബുക്കും ട്വിറ്ററും പിന്നീട് വിവാദമായതിനെത്തുടര്‍ന്ന് വിഡിയോ നീക്കം ചെയ്തിരുന്നു. ദൈവം ഫെയ്സ് ബുക്ക് പൂട്ടിക്കുമെന്നാണ് ഇതേക്കുറിച്ച് സ്റ്റെല്ല പ്രതികരിച്ചത്. സമൂഹമാധ്യമങ്ങള്‍ ദൈവങ്ങളേക്കാള്‍ വലുതൊന്നും അല്ലല്ലോ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹൈഡ്രോക്സിക്ലോറോക്വിനെതിരെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ രംഗത്തുവന്നിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഈ മരുന്നാണ് കോവിഡിനെ തുരത്താനായി ഉപയോഗിക്കണം എന്നാവശ്യപ്പെടുന്നത്. ഈ മരുന്ന് ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ എത്തിച്ചില്ലെങ്കില്‍ പ്രതികാര നടപടി നേരിടേണ്ടിവരുമെന്നും ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനിടെ ഡോ. സ്റ്റെല്ലയെക്കുറിച്ചു ചോദിച്ചപ്പോള്‍ അവര്‍ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു. ഇതേ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടായപ്പോള്‍ ട്രംപ് പെട്ടെന്ന് പത്രസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular