കോടതി വിധിയെ തുടർന്ന് വീടുകൾ ഇടിച്ചു നിരത്തി; വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ആറ് കുടുംബങ്ങൾ

കോടതി വിധിയെ തുടർന്ന് ഇടിച്ചുനിരത്തിയ വീടുകളിലെ മുപ്പതോളം പേർ തിരുവനന്തപുരം ആറ്റിപ്ര വില്ലേജ് ഓഫീസിന്റെ വരാന്തയിൽ താമസം തുടങ്ങിയിട്ട് നാല് ദിവസമായി. മൺവിള ചെങ്കോടിക്കാട്ടിലെ ആറ് വീടുകൾ ബുധനാഴ്ച രാവിലെയാണ് ഇടിച്ചുനികത്തിയത്. വില്ലേജ് ഓഫീസ് വരാന്തയിൽ തുടരുന്നവരിൽ കുട്ടികളും വയോധികരും ഉൾപ്പെടുന്നു.

നാൽപത് വർഷത്തിലേറെ നീണ്ട വ്യവഹാരങ്ങൾക്കൊടുവിലാണ് ചെങ്കോടിക്കാട്ടിലെ 47 സെന്റ് ഭൂമി ആറ് കൂടുംബങ്ങൾക്ക് നഷ്ടപ്പെട്ടത്. ഉടുതുണി മാറാൻ പോലും അവസരം നൽകാതെ കുഞ്ഞുങ്ങളടക്കമുള്ളവരെ സ്റ്റേഷിലേക്ക് മാറ്റിയാണ് പൊലീസ് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ എത്തിയത്. ആറ് വീടുകളും ജെസിബി ഉപയോഗിച്ച് നിലംപരിശാക്കി.

ഗൃഹോപകരണങ്ങളും കുഞ്ഞുങ്ങളുടെ പഠനോപകരണങ്ങളും നഷ്ടപ്പെട്ടു. കയറിക്കിടക്കാൻ മറ്റൊരിടമില്ലാതായതോടെയാണ് ആറ്റിപ്ര വില്ലേജ് ഓഫീസിന്റെ വരാന്തയിൽ ഇവർ ഇരുപ്പുറപ്പിച്ചത്. കേസെടുക്കുമെന്ന് തഹസിൽദാറും പൊലീസും അറിയിച്ചെങ്കിലും പോകാൻ മറ്റൊരിടമില്ലാത്തിനാൽ പിന്മാറിയില്ല. താത്കാലികമായെങ്കിലും തല ചായ്ക്കാൻ ഒരിടം മാത്രമാണ് ഈ ആറ് കുടുംബങ്ങൾ ചോദിക്കുന്നത്. കൊവിഡിന്റേയും പേമാരിയുടേയും കാലമെന്ന പരിഗണനയെങ്കിലും നൽകണമെന്നാണ് അവരുടെ അപേക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7