ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നടി തമന്ന ഭാട്ടിയയേയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നടത്താനുള്ള ആപ്പുകള്‍ നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇതിലേക്ക് രാജ്യത്തെ യുവാക്കളെ സ്വാധീനിക്കാന്‍ കോലിയെ പോലുള്ള താരങ്ങള്‍ക്ക് കഴിയുമെന്നും ഇക്കാരണത്താല്‍ കോലിക്കും തമന്നക്കുമെതിരേ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇത്തരം ആപ്പുകള്‍ നിരോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കണം. യുവാക്കളെ ആപ്പുകള്‍ അടിമകളാക്കി മാറ്റുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആരോപണം. യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ കോലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണ്. അതിനാല്‍ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ഓണ്‍ലൈനില്‍ ചൂതാട്ടത്തിനായി വാങ്ങിയ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ദിവസങ്ങള്‍ക്കു മുമ്പ് ജീവനൊടുക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ജസ്റ്റിസുമാരായ സുന്ദരേഷും സൂര്യ പ്രകാശവും അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും.
FOLLOW US PATHRAMONLINE
Leave a Comment