ചൈനയ്‌ക്കെതിരായ നീക്കം കടുപ്പിച്ച് ഇന്ത്യ: ആപ്പുകള്‍ക്കു പിന്നാലെ കളര്‍ ടിവികളുടെ ഇറക്കുമതിയിയും നിരോധനം

ന്യൂഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ചൈനയ്‌ക്കെതിരായ നീക്കം കടുപ്പിച്ച് ഇന്ത്യ. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കളര്‍ ടിവികളുടെ ഇറക്കുമതിയില്‍ ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തി. ചൈനയില്‍ നിന്നുള്ള സ്ഥാപനങ്ങളെ പൊതുസംഭരണ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഒഴിവാക്കുകയും ചെയ്‌തെന്നാണു റിപ്പോര്‍ട്ട്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ആണ് ‘സൗജന്യം’ ആയിരുന്ന കളര്‍ ടിവി ഇറക്കുമതി നയത്തെ ‘നിയന്ത്രിത’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ‘കളര്‍ ടിവിയുടെ ഇറക്കുമതി ഇപ്പോള്‍ നിയന്ത്രിത വിഭാഗത്തിലാണ്. ഇനി ഇറക്കുമതിക്കാരനു ലൈസന്‍സ് വാങ്ങേണ്ടതുണ്ട്. ചൈനീസ് ടിവികളുടെ അമിത വരവ് പരിശോധിക്കുകയും കുറയ്ക്കുകയുമാണു പ്രധാന ലക്ഷ്യം’ പേരു വെളിപ്പെടുത്താത്ത ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയില്‍ 15,000 കോടി രൂപയുടേതാണു ടിവി വ്യവസായം. ഇതില്‍ 36 ശതമാനം പ്രധാനമായും ചൈനയില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ചൈന കൂടാതെ വിയറ്റ്‌നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തൊനേഷ്യ, തായ്ലാന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളാണു കൂടുതലായി കളര്‍ ടിവികള്‍ കയറ്റുമതി ചെയ്യുന്നവര്‍. സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി ജൂണ്‍ 29ന് കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക്, യുസി ബ്രൗസര്‍ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു.

വിദേശത്തിനിന്നുള്ള സാധനങ്ങളുടെ കൂടിയ അളവിലെ ഇറക്കുമതി രാജ്യത്തെ ആഭ്യന്തര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതായി സര്‍ക്കാര്‍ കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പ്രകാരം ഇന്ത്യ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെലവ് കുറഞ്ഞ രീതിയില്‍ ഇലക്ട്രോണിക് വസ്തുക്കള്‍ നിര്‍മിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉല്‍പാദനം 2014 ലെ 29 ബില്യന്‍ ഡോളറില്‍ നിന്ന് 2019 ല്‍ 70 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ടിവികള്‍ക്കായി ഘട്ടംഘട്ടമായുള്ള നിര്‍മാണ പരിപാടി (പിഎംപി) നടക്കുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരം സൃഷ്ടിക്കുക, ഉപഭോക്താവിന് താരതമ്യപ്പെടുത്താവുന്ന നിരക്കില്‍ സാധനം നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ള ആലോചനകളുടെ തുടര്‍ച്ചയാണു ചൈനീസ് ടിവികളുടെ വരവ് നിയന്ത്രിക്കാനുള്ള തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.

pathram:
Leave a Comment