തിരുവനന്തപുരം: വിമാനത്താവളത്തിലെ ‘നയതന്ത്ര’ സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനു നേതൃത്വം നല്‍കിയിരുന്ന ജോയിന്റ് കമ്മിഷണര്‍ അനീഷ് പി. രാജനെ സ്ഥലംമാറ്റിയതിനെതിരെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഉദ്യോഗസ്ഥരുടെ പ്രതിഷേധം. കേസുമായി ബന്ധപ്പെട്ട അനീഷിന്റെ പ്രതികരണത്തില്‍ ബിജെപി നേതൃത്വവും കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളും അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് നാഗ്പുരിലേക്കു സ്ഥലംമാറ്റിയത്. ഇന്നലെ ജോലിയില്‍നിന്ന് വിടുതല്‍ വാങ്ങിയ അനീഷ് പി. രാജന് കൊച്ചി ഓഫിസില്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയത്. മധുരവിതരണവും ഉണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിവിധ വാട്‌സാപ് ഗ്രൂപ്പുകളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ കളിപ്പാവകളാകാനാണ് ഉദ്യോഗസ്ഥരുടെ വിധിയെന്നായിരുന്നു ഒരു പ്രതികരണം. ജോലിയെയും സഹപ്രവര്‍ത്തകരെയും നൂറു ശതമാനം സ്‌നേഹിക്കുകയും വകുപ്പിനു നേട്ടമുണ്ടാക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ മാറ്റിയതിന് എന്തു ന്യായീകരണം പറഞ്ഞാലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വാട്‌സാപ്പില്‍ കുറിച്ചു. സ്വര്‍ണക്കടത്തു കേസിലെ 14 പ്രതികളെ ഇത്രയും വേഗം പിടിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് വൃത്തികെട്ട രാഷ്ട്രീയമാണെന്നായിരുന്നു മറ്റൊരു പ്രതികരണം. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ അവാര്‍ഡ് അനീഷ് പി.രാജനു ലഭിച്ച ഫോട്ടോ അടിക്കുറിപ്പുകളോടെ സഹപ്രവര്‍ത്തകര്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു. രാഷ്ട്രീയം പിടിമുറുക്കിയാല്‍ എങ്ങനെ ജോലി ചെയ്യാന്‍ കഴിയുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. ഇന്നലെ കൊച്ചിയില്‍ നടന്ന യാത്രയയപ്പു ചടങ്ങില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ അനീഷ് പി.രാജന്റെ ജോലിയിലുള്ള മികവിനെ പ്രശംസിച്ചു.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇടപെടലുണ്ടായെന്ന ബിജെപി നേതൃത്വത്തിന്റെ ആരോപണം അനീഷ് പി.രാജന്‍ നിഷേധിച്ചതാണ് രാഷ്ട്രീയ വിവാദമായത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ആരെങ്കിലും വിളിച്ചോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അങ്ങനെ ഉണ്ടായിട്ടില്ലെന്ന് അനീഷ് പി.രാജന്‍ പറഞ്ഞത്. അനീഷിന്റെ സഹോദരന്‍ സിപിഎം പ്രവര്‍ത്തകനാണെന്നു ചൂണ്ടിക്കാട്ടി പരാതികള്‍ കേന്ദ്രത്തിനു മുന്നിലെത്തിയതിനു പിന്നാലെയാണ് സ്ഥലം മാറ്റം. അടുത്തമാസം പത്തിനു മുന്‍പ് നാഗ്പുരില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്. 2008 ബാച്ച് ഉദ്യോഗസ്ഥനാണ് അനീഷ്.