കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടി

എറണാകുളം: ശക്തമായ മഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തേവര-പേരണ്ടൂര്‍ കനാലിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി വെള്ളം കായലിലേക്ക് ഒഴുക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് മന്ത്രിയും എംഎല്‍എമാരും ആവശ്യപ്പെട്ടു. ഇതിനാവശ്യമായ തുക അമൃത് പദ്ധതിയില്‍ നിന്നും കണ്ടെത്താനും അധികമായി വേണ്ടി വരുന്ന തുക ജില്ലാ ഭരണകൂടം കണ്ടെത്താനും തീരുമാനിച്ചു.

ഇത്തവണ വെള്ളക്കെട്ട് അനുഭവപ്പെട്ട കെഎസ്ഇബി സബ് സ്റ്റേഷനകത്തെ കനാലിലെ വീതിക്കുറവ് പ്രധാന പ്രശ്‌നമായി യോഗം വിലയിരുത്തി. കനാലിന്റെ വീതി കൂട്ടാനും ചങ്ങാടംപോക്ക്-കാരണക്കോടം തോടുകള്‍ കൃത്യമായ രീതിയില്‍ ബന്ധിപ്പിക്കാനും കൊച്ചി മെട്രോയ്ക്ക് നിര്‍ദേശം നല്‍കി.

2019 ലേതിനു സമാനമായ രീതിയില്‍ മഴയുണ്ടായിട്ടും അന്നുണ്ടായ രീതിയിലുള്ള വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തില്ല എന്ന് യോഗം വിലയിരുത്തി. വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ നിര്‍ദേശിച്ചു. രവിപുരം, എംജി റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം കാണാനും തീരുമാനിച്ചു.

എംഎല്‍എമാരായ പി.ടി.തോമസ്, ടി.ജെ. വിനോദ്, മേയര്‍ സൗമിനി ജെയിന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഡെപ്യൂട്ടി കളക്ടര്‍ വൃന്ദാദേവി, ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ബാജി ചന്ദ്രന്‍, കോര്‍പ്പറേഷന്‍ എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ അമ്പിളി എന്നിവരും ഹൈബി ഈഡന്‍ എംപി, എം. സ്വരാജ് എംഎല്‍എ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും പങ്കെടുത്തു.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular