സുമലത അംബരീഷിന് കൊവിഡ് ബാധിക്കുന്നത് ജൂലൈ ആറിനാണ്. തുടർന്ന് ദിവസങ്ങൾ നീണ്ട ക്വാറന്റീനും ചികിത്സയ്ക്കും ശേഷം നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സുമലത ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
കോവിഡ് കാലം അത്ര സുഖകരമായിരുന്നില്ലെന്ന് സുമലത പറയുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവായതിന് ശേഷം തന്റെ ക്വാറന്റീൻ കാലം ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവക്കുകയായിരുന്നു സുമലത. ആശുപത്രിയിൽ അഡ്മിറ്റ് ആകാതെ മരുന്നുകളുമായി വീട്ടിൽ തന്നെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു സുമലത.
രാജ്യത്തിന് വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിന് തുല്യമായിരുന്നു കൊവിഡിനെതിരായ എന്റെ പോരാട്ടവും. രോഗമുക്തയാകാനുള്ള എന്റെ പോരാട്ടങ്ങൾ സ്വന്തം ജീവിതത്തിനുവേണ്ടിയുള്ളതായിരുന്നു. ഹോം ഐസൊലേഷനിൽ കഴിയുമ്പോഴും ഈ വീര്യമാണ് എന്നെ രോഗത്തിൽ നിന്നും മുക്തയാക്കാൻ സഹായിച്ചത്’- സുമലത പറയുന്നു. കൊവിഡ് കേസുകൾ സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിക്കേണ്ടെന്ന് തീരുമാനിച്ചത് മറ്റുള്ളവർക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണെന്നും സുമലത പറഞ്ഞു.
വീട്ടിലെ ഒരുമുറിയിൽ അടച്ചിരുന്ന് രോഗത്തോട് പോരാടുന്നത് എളുപ്പമല്ല. ഈ അവസ്ഥയിൽ ഭയം, ആശയക്കുഴപ്പം എന്നിവയിലൂടെയൊക്കെയാണ് ഓരോ രോഗികളും കടന്നു പോകുന്നത്. കൊവിഡ് ഒരിക്കലും തോൽപ്പിക്കാനാകാത്ത ഒരു രാക്ഷസനല്ല, മറിച്ച് നമുക്ക് ഒറ്റക്കെട്ടായി അതിനെ തോൽപ്പിക്കാൻ സാധിക്കും. ഐസൊലേഷനിൽ കഴിയുന്ന രോഗികളെ ഒറ്റപ്പെടുത്താതെ അവർക്ക് മാനസികമായ പിന്തുണ നൽകൂ’-സുമലത കൂട്ടിച്ചേർത്തു.
Leave a Comment