കസ്റ്റംസിൽ വീണ്ടും ഇടപെടൽ: ഉന്നത അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

കൊച്ചി :നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ .നാഗ്പൂരിലേക്ക് സ്ഥലംമാറ്റി. ഒന്നരവര്‍ഷമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അനീഷ്, നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ്.

കേസിലെ പ്രതികളെ അതിവേഗം കുടുക്കാനും യുഎഇ കോണ്‍സുലേറ്റിലേക്ക് വരെ അന്വേഷണം നീട്ടാനും അനീഷിന് കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ ബിജെപി, കോണ്‍ഗ്രസ് നേതൃത്വം അനീഷിനെതിരെ പരസ്യ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നും സൂചനയുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസ് തങ്ങള്‍ ഉദ്ദേശിക്കുന്നരീതിയില്‍ പുരോഗമിക്കുന്നില്ലെന്ന് കണ്ടതോടെയാണ് അനീഷ് രാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തുവന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചിരുന്നു എന്ന്
ഇവർ പ്രചരിപ്പിച്ചിരുന്നു

എന്നാല്‍ തങ്ങളെ ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനീഷ് പ്രതികരിച്ചു. ഇതാണ് ചെന്നിത്തലയെയും കെ .സുരേന്ദ്രനെയും പ്രകോപിപ്പിച്ചത്.

സ്വര്‍ണ്ണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ബിജെപിക്കാരനായ കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റ്സ് സംഘടനാ നേതാവ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത് പുറത്തുവന്നതും കെ സുരേന്ദ്രന് ക്ഷീണമുണ്ടാക്കി. മികച്ച സര്‍വ്വീസ് റെക്കൊര്‍ഡുള്ള ഉദ്യോഗസ്ഥനെയാണ് ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് അകാരണമായി നീക്കിയത്. കൊച്ചിയില്‍ ജോയിന്റ് കമ്മീഷണറായി എത്തിയ ശേഷം 1400 ഓളം സ്വര്‍ണ്ണക്കടത്ത് കേസുകളാണ് അനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. എണ്ണൂറോളം പ്രതികളെ അറസ്റ്റുചെയ്തു.

pathram desk 1:
Related Post
Leave a Comment