തൃശൂര്‍: പട്ടികജാതിയില്‍പ്പെട്ട പുലയ സമുദായാംഗമായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നോര്‍ത്ത് പറവൂര്‍ പാലാത്തുരുത്ത് കളത്തിപറമ്പില്‍ ചിഞ്ചുഖാനെ (34) ജീവപര്യന്തം കഠിനതടവിനും 3.22 ലക്ഷം രൂപ പിഴയടയ്‌ക്കാനും പുറമേ 12 വര്‍ഷം കഠിനതടവിനും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ഡി. അജിത്‌കുമാര്‍ ശിക്ഷിച്ചു. ഇത്തരം ശിക്ഷ അപൂര്‍വമാണ്. പിതാവാണെന്നതു മറച്ചുവെച്ചാണ് പീഡനം നടത്തിയതെന്നു കണ്ടെത്തി.
2011 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് കേസിനാസ്‌പമായ സംഭവം. മിസ്‌ഡ് കോള്‍ വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നല്‍കിയാണ് അംഗപരിമിത കൂടിയായ യുവതിയെ പലപ്പോഴായി പീഡിപ്പിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അവിടെയെത്തിയായിരുന്നു പീഡനം.
ഈ കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമെ യുവതിയില്‍ നിന്ന് 50,000 രൂപയും അര പവന്‍ വീതമുള്ള 2 ജോഡി സ്വര്‍ണ്ണക്കമ്മലുകളും കൈവശപ്പെടുത്തുകയും ചെയ്‌തു.
യുവതി കൂലിവേല ചെയ്‌താണ് ജീവിച്ചിരുന്നത്. വിവാഹവാഗ്‌ദാനം നല്‍കിയപ്പോള്‍ പുലയസമുദായംഗമാാണെന്നും വികലാംഗയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. പ്രതി വിവാഹിതനാണെന്നതും കുട്ടികളുടെ പിതാവാണെന്നതും മറച്ചുവെച്ചു. യഥാര്‍ഥ പേരും നല്‍കിയില്ല. ഗര്‍ഭിണിയായ യുവതി കുഞ്ഞിനെ പ്രസവിച്ചിരുന്നെങ്കിലും ആറു മാസം പ്രായമുള്ളപ്പോള്‍ കുട്ടി മരിച്ചു.
മന:പൂര്‍വം വസ്‌തുതകള്‍ മറച്ചാണ് യുവതിയെ വഞ്ചിച്ചതെന്നു വ്യക്‌തമായി. പട്ടികജാതിയില്‍പ്പെട്ട യുവതിക്കെതിരായി 10 വര്‍ഷത്തിലും അതിലധികവും ശിക്ഷയുള്ള കുറ്റകൃത്യം ചെയ്‌തതായി കോടതി നിരീക്ഷിച്ചു.
വിവിധ വകുപ്പുകളിലായാണ് ജീവപര്യന്തം കഠിനതടവും കൂടാതെ 12 വര്‍ഷം കഠിനതടവിനും മൂന്നു ലക്ഷത്തി ഇരുപത്തിരണ്ടായിരും രൂപ പിഴയടക്കുന്നതിനും വിധിച്ചത്. പിഴത്തുക അടയ്‌ക്കുന്നപക്ഷം ഇരയായ യുവതിക്ക് നല്‍കണം. പിഴസംഖ്യ അടയ്‌ക്കാത്ത പക്ഷം ആറുമാസം കൂടുതലായി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.