ശിവശങ്കറും സ്വപ്‌നയും ഒരുമിച്ച് നിരവധി ബംഗളൂരു യാത്രകള്‍; ശാസ്ത്രജ്ഞന്മാരെ കണ്ടു

സ്വർണക്കടത്ത് അന്വേഷണം വിദേശത്തേക്ക് വ്യാപിച്ചതോടെ നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ള ഉന്നതവ്യക്തികളെ ഉടൻ ചോദ്യംചെയ്തേക്കുമെന്ന് എൻ.ഐ.എ. വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. എൻ.ഐ.എ. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ബഹിരാകാശപാർക്ക് ആശയത്തെക്കുറിച്ചുള്ള പ്രാരംഭ ചർച്ചയുടെ അവസരത്തിൽത്തന്നെ ശിവശങ്കർ നടത്തിയ ബെംഗളൂരു യാത്രകളെക്കുറിച്ച് വിവിധ അന്വേഷണ ഏജൻസികൾ ആഴത്തിലുള്ള അന്വേഷണം തുടങ്ങി.

ഈ യാത്രകളിൽ പലതിലും സ്വപ്ന ശിവശങ്കറിനെ അനുഗമിച്ചിരുന്നു. വിവിധ അന്വേഷണഏജൻസികൾക്ക് ഇക്കാര്യമറിയാം. യാത്രയിലെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണമല്ല ലക്ഷ്യമാക്കുന്നത്. എന്നാൽ, അതിനപ്പുറം ഈ യാത്രകളിൽ അവർ ആരൊക്കെയുമായാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്. ബെംഗളൂരുവിലേക്കുള്ള ഈ യാത്രകളിൽ ചില ശാസ്ത്രജ്ഞരെ ഇവർ കണ്ടിരുന്നു എന്നതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്നും അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കി.

എന്നാൽ, ഈ യാത്രകളെല്ലാം ഒരുപക്ഷേ ബഹിരാകാശപാർക്കും അതിനോടനുബന്ധിച്ച കോൺക്ലേവ് സംഘടിപ്പിക്കുന്നതുമായും ബന്ധപ്പെട്ടായിരിക്കാമെന്നും പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ഇത്തരം യാത്രകൾ നടത്താൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

സ്വപ്നയുടെ സാന്നിധ്യം കണക്കിലെടുത്ത് ഈ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. സംശയാസ്പദബന്ധങ്ങൾ പുറത്തുവരുന്നതിനാൽ ഇതേക്കുറിച്ച് കൂടുതൽ ചോദ്യംചെയ്യേണ്ടിവരും. സർക്കാരിനെ ഈ കൂടിക്കാഴ്ചകളൊന്നും മുൻകൂട്ടി അറിയിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹമത് പിന്നീട് അറിയിച്ചിട്ടുണ്ടെന്നും അത് സ്വാഭാവികമാണെന്നും സർക്കാർകേന്ദ്രങ്ങൾ പറഞ്ഞു. തങ്ങളുടെ നീചപ്രവൃത്തികൾക്കായി ഏതുതരം ബന്ധങ്ങളും ഉപയോഗിക്കാൻ കഴിവുള്ള സംഘമാണിവരെന്നതിനാൽ, ശാസ്ത്രജ്ഞരും നയതന്ത്രജ്ഞരുമായി നടത്തിയ കൂടിക്കാഴ്ചകൾ അന്വേഷിച്ചേ മതിയാവൂവെന്നും അവർ വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്കായി സ്വപ്നയെ കൂടെക്കൊണ്ടുപോകാൻ ശിവശങ്കറിന് സർക്കാർ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെങ്കിൽ അടിസ്ഥാന ചട്ടലംഘനം അദ്ദേഹം നടത്തിയതായി അന്വേഷണസംഘം വിലയിരുത്തുന്നു.

കൂടിക്കാഴ്ചകൾക്കായി നടത്തിയ യാത്രകളെയും കണ്ടുമുട്ടിയ ഇടങ്ങളെയും കുറിച്ചുള്ള വിശദവിവരങ്ങൾ വിവിധ അന്വേഷണ ഏജൻസികൾ ശേഖരിച്ചുവരുകയാണ്. സ്വർണക്കടത്തുമായി ഈ കൂടിക്കാഴ്ചകൾക്ക് നേരിട്ട് ബന്ധമില്ലെങ്കിലും ഈ ബന്ധങ്ങൾ സ്വപ്ന തന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അന്വേഷണസംഘത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular