ഇന്ത്യ ആദ്യം നിരോധിച്ച 59 ചൈനീസ് ആപ്പുകളിലൊന്നാണ് സമൂഹ മാധ്യമ ആപ്പായ വിചാറ്റ്. നിരോധനം കഴിഞ്ഞ് ഒരു മാസത്തേക്ക് ഒന്നും മിണ്ടാതിരുന്ന ചൈന ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് നിരോധനതത്തിലെ തെറ്റു തിരുത്തണമെന്നാണ്. ചൈനീസ് എംബസിയുടെ വക്താവ് ജി റോങ് പറഞ്ഞത്, ആപ് നിരോധനത്തെക്കുറിച്ചു വന്ന റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ ശ്രദ്ധിച്ചു. ഇത് ചൈനീസ് കമ്പനികള്‍ക്ക് ബിസിനസ് നടത്താനുള്ള നിയമപരമായ അവകാശവും താത്പര്യവും ഇല്ലാതാക്കുകയാണ് ചെയ്തിരിക്കുന്നത്. തെറ്റു തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു പരാതി സർക്കാരിനു നല്‍കിക്കഴിഞ്ഞതായി വക്താവ് അറിയിച്ചു. രാജ്യാന്തര, പ്രാദേശിക നിയമങ്ങൾ അനുസരിച്ചു മാത്രമെ പ്രവര്‍ത്തിക്കാവൂ എന്ന് ചൈനീസ് കമ്പനികളെ എപ്പോഴും ഓര്‍മിപ്പിക്കുന്ന കാര്യമാണ്. ഇന്ത്യാ ഗവണ്‍മെന്റിന് രാജ്യാന്തര കമ്പനികളുടെ നിയമപരമായ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. അവയില്‍ ചൈനീസ് ബിസിനസ് സ്ഥാപനങ്ങളും പെടും. വിപണിയുടെ തത്വങ്ങള്‍ അതാണ്.
ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രായോഗികമായ സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാണ്. അതില്‍ മനപ്പൂര്‍വ്വം ഇടപെടുക എന്നതുകൊണ്ട് ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല. ചൈനീസ് കമ്പനികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നാണ് റോങ് പറഞ്ഞിരിക്കുന്നത്. നിരോധിക്കപ്പെട്ട ആപ്പുകളില്‍ വിചാറ്റ് മാത്രമാണോ അതേക്കുറിച്ച് ഔദ്യോഗികമായി ചൈനയ്ക്ക് പരാതി നല്‍കിയിരിക്കുന്നതെന്ന് സംശയമുണ്ട്.