ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് സ്ഥിതി മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് മെച്ചമാണെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദങ്ങള്‍ക്കിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ കോവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യവും ഇന്ത്യയെന്ന് കണക്കുകള്‍. ദിനംപ്രതി അരലക്ഷം പേര്‍ക്കാണ് രോഗം വ്യാപിക്കുന്നത്. ഇതുവരെ മരണം 33,425. ഇന്നലെ മാത്രം 654 മരണം.
ഇന്നലെ െവെകിട്ടോടെ രോഗബാധിതര്‍ 15,07,500-ല്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നു രാവിലെത്തെ പ്രതിദിന കോവിഡ് അവലോകനത്തില്‍ കണക്കുകളില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. സര്‍ക്കാര്‍ കണക്കില്‍ 47,704 പേര്‍ക്കാണ് ഇന്നലെ രാവിലെ 11 മണിവരെയുള്ള 24 മണിക്കൂര്‍ കൊണ്ട് രോഗം കണ്ടെത്തിയത്.
രോഗബാധിതര്‍ ഏറുമ്പോഴും മരണനിരക്ക് കാര്യമായി കുറച്ചുകൊണ്ടുവരാനായെന്ന് ഇന്നലത്തെ കോവിഡ് വിശകലനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. 2.25 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ മരണനിരക്ക്. ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ദിവസനേ അരലക്ഷം രോഗികളുമായി ലോകത്തില്‍ ഏറ്റവും വേഗത്തില്‍ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് ബ്ലൂംബെര്‍ഗ് കോവിഡ് ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റയാഴ്ച കൊണ്ട് 20% ആണ് വര്‍ധന. ഏതാനും ദിവസങ്ങളായി ദിവസേനയുള്ള വര്‍ധന ഈ തോതിലാണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവുമധികം രോഗികള്‍ ഉള്ള രാജ്യവും ഇന്ത്യയാണ്.
എന്നാല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഈ രണ്ടു രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യ. ഗുരുതര രോഗികളെ പരിചരിക്കുന്നതിലും രോഗഭീഷണി കൂടുതലുള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്നതിലും കേന്ദ്രനിര്‍ദേശങ്ങള്‍ക്കു വിധേയമായി സംസ്ഥാനങ്ങള്‍ ജാഗ്രത കാട്ടിയതാണ് നേട്ടമായതെന്നു ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
FOLLOW US: pathram online latest news