ഭാര്യയുടെ കുടുംബസുഹൃത്തുമായി സൗഹൃദം, പണം തട്ടല്‍, ഒടുവില്‍ കൊലപാതകം സുചിത്ര കൊലക്കേസില്‍ കുറ്റപത്രം ഇങ്ങനെ

കൊല്ലം: ബ്യൂട്ടി പാര്‍ലറില്‍ ട്രെയിനറായിരുന്ന കൊല്ലം മുഖത്തല സ്വദേശിനി സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജഡ്ജി അരുണ്‍കുമാര്‍ മുന്‍പാകെയാണ് എ.സി.പി. ബി.ഗോപകുമാര്‍, സൈബര്‍ സെല്‍ എസ്.ഐ. വി.അനില്‍ കുമാര്‍, ക്രൈംബ്രാഞ്ച് എസ്.ഐ. നിസാം എന്നിവരുടെ നേതൃത്വത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കൊട്ടിയത്തുനിന്ന് കാണാതായ മുഖത്തല നടുവിലക്കര ശ്രീവിഹാറില്‍ സുചിത്രയെ പാലക്കാട് മണലിയില്‍ സുഹൃത്തിന്റെ വീടിനുസമീപം കൊന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്താണ് പ്രതി. സുചിത്ര മാര്‍ച്ച് 17-ന് നാട്ടില്‍നിന്നു പോയതാണെന്നും 20-നുശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ വിജയലക്ഷ്മി കൊട്ടിയം പോലീസിന് പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. പോലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലാതായതോടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കൊട്ടിയം പോലീസില്‍നിന്ന് അന്വേഷണം എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെ ഏല്‍പ്പിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സാമൂഹികമാധ്യമങ്ങളിലൂടെ കൂടുതല്‍ അടുപ്പത്തിലായി. ഇവരില്‍നിന്ന് പലപ്പോഴായി 2.75 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, സ്വര്‍ണാഭരണ മോഷണം, മൃതദേഹത്തെ അപമാനിക്കല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതിയുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.

പാലക്കാട് മണലി ശ്രീരാം സ്ട്രീറ്റില്‍ പ്രതി വാടകയ്ക്കുതാമസിക്കുന്ന വീടിനുസമീപം കാടുപിടിച്ചുകിടന്ന സ്ഥലത്ത് കുഴിച്ചിട്ട മൃതദേഹം 39-ാം ദിവസമാണ് കണ്ടെത്തിയത്. മൊബൈല്‍ ഫോണും സാമൂഹിക മാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രശാന്തിലേക്ക് പോലീസിനെ എത്തിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7