ദുബായ്: ഏകദിന ലോകകപ്പ് യോഗ്യതയ്ക്കുള്ള മാനദണ്ഡമെന്ന നിലയില്‍ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). 2023 ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയില്‍ ഏകദിന സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചു. ലോകകപ്പില്‍ പങ്കെടുക്കേണ്ട 10 ടീമുകളില്‍ എട്ടു ടീമുകളെയാണ് ഇത്തരത്തില്‍ ഏകദിന സൂപ്പര്‍ ലീഗിലൂടെ കണ്ടെത്തുക. ഇതില്‍ ആതിഥേയരായ ഇന്ത്യയും ഉള്‍പ്പെടുന്നു. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മില്‍ ജൂലൈ 30ന് സതാംപ്ടണില്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ലോകകപ്പ് യോഗ്യതയ്ക്കുള്ള ഏകദിന സൂപ്പര്‍ ലീഗ് ആരംഭിക്കുക. ലീഗിന്റെ ബാക്കി വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. മുന്‍പേ ആരംഭിക്കേണ്ടിയിരുന്ന സൂപ്പര്‍ ലീഗ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീട്ടിവച്ചത്.
ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയില്‍ അടുത്ത മൂന്നു വര്‍ഷം നടക്കുന്ന ഏകദിന മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കുന്നതാണ് ഇത്തരമൊരു പരീക്ഷണമെന്ന് ഐസിസിയുടെ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ജെഫ് അലാര്‍ഡിസ് അവകാശപ്പെട്ടു. ട്വന്റി20 ക്രിക്കറ്റ് കൂടുതല്‍ ജനകീയമാകുകയും ടെസ്റ്റ് മത്സരങ്ങള്‍ ക്രിക്കറ്റിന്റെ യഥാര്‍ഥ പരീക്ഷണ വേദിയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏകദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് ഉള്‍പ്പെടെയുള്ളവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഏകദിന ക്രിക്കറ്റ് കൂടുതല്‍ ആവേശകരവും ജനകീയവുമാക്കാന്‍ പുതിയ പരീക്ഷണം. ഏകദിന സൂപ്പര്‍ ലീഗ് യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യഓസ്‌ട്രേലിയ മത്സരത്തിന്റെ അതേ പ്രാധാന്യം വെസ്റ്റിന്‍ഡീസ് സിംബാബ്‌വെ മത്സരത്തിനും ലഭിക്കും.
13 ടീമുകള്‍, 150ലേറെ മത്സരങ്ങള്‍, ഒരു ചാംപ്യന്‍ എന്ന രീതിയിലാണ് ഏകദിന സൂപ്പര്‍ ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഐസിസിയില്‍ സമ്പൂര്‍ണ അംഗങ്ങളായ 12 ടീമുകള്‍ക്കൊപ്പം ലോക ക്രിക്കറ്റ് സൂപ്പര്‍ ലീഗിലൂടെ മുന്നേറിയെത്തിയ നെതര്‍ലന്‍ഡ്‌സും ഏകദിന സൂപ്പര്‍ ലീഗില്‍ ഏറ്റുമുട്ടും. 13 ടീമുകളും മൂന്നു മത്സരങ്ങളടങ്ങിയ നാലു പരമ്പരകള്‍ സ്വന്തം നാട്ടിലും നാലു പരമ്പരകള്‍ പുറത്തും കളിക്കുന്ന രീതിയിലാണ് ഏകദിന സൂപ്പര്‍ ലീഗിന്റെ ക്രമീകരണം. അതായത് ഒരു ടീമിന് 24 മത്സരങ്ങള്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോലെ ഒരു ടീമിന് ബാക്കി 12 ടീമുകളുമായും മത്സരമുണ്ടാകില്ല. മറിച്ച് ഒരു ടീം ബാക്കി എട്ടു ടീമുകളായാണ് ലീഗ് ഘട്ടത്തില്‍ കളിക്കുക. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് വരുന്ന ടീമുകള്‍ പരസ്പരം ഏറ്റുമുട്ടണമെന്ന് നിര്‍ബന്ധമില്ലെന്ന് ചുരുക്കം.
സൂപ്പര്‍ ലീഗ് ഘട്ടത്തിലെ ഓരോ ജയത്തിനും 10 പോയിന്റ് ലഭിക്കും. ടൈ വന്നാല്‍ ഇരു ടീമുകള്‍ക്കും അഞ്ച് പോയിന്റ് വീതം പങ്കുവയ്ക്കും. മത്സരം ഉപേക്ഷിക്കേണ്ടി വരികയോ ഫലമില്ലാതെ പോകുകയോ ചെയ്താലും പോയിന്റ് പങ്കുവയ്ക്കും. ആകെ കളിക്കുന്ന എട്ട് പരമ്പരകളില്‍നിന്ന് ലഭിക്കുന്ന പോയിന്റ് ആധാരമാക്കിയാകും റാങ്കിങ് നിശ്ചയിക്കുക. രണ്ടോ അതിലധികമോ ടീമുകള്‍ക്ക് ഒരേ പോയിന്റ് വന്നാല്‍ വിജയികളെ കണ്ടെത്താന്‍ മറ്റു മാനദണ്ഡങ്ങളുണ്ട്.
ആതിഥേയരായ ഇന്ത്യയും സൂപ്പര്‍ ലീഗില്‍ ആദ്യ ഏഴു സ്ഥാനങ്ങളിലെത്തുന്ന ടീമുകളും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. പിന്നെയുള്ളത് രണ്ടു സ്ഥാനങ്ങള്‍. ഏകദിന സൂപ്പര്‍ ലീഗിലൂടെ നേരിട്ട് യോഗ്യത നേടാനാകാതെ പോകുന്ന ബാക്കി അഞ്ച് ടീമുകള്‍ അഞ്ച് അസോഷ്യേറ്റ് രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന യോഗ്യതാ റൗണ്ടില്‍ മത്സരിച്ചുവേണം ഈ രണ്ടു സ്ഥാനങ്ങളിലേക്ക് യോഗ്യത നേടാന്‍.
follow us pathramonline
Leave a Comment