ഓയൂർ : ക്വാറന്റീനിലായ യുവാക്കൾക്കു കോവിഡ് ആണെന്നു സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാജപ്രചാരണം നടത്തുന്നതായി പരാതി. വെളിയം പടിഞ്ഞാറ്റിൻകര കലയക്കോടുള്ള മത്സ്യ വ്യാപാരിയായ യുവാവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഈ യുവാവിന്റെ സുഹൃത്തുക്കളും വീട്ടുകാരും ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നു ക്വാറന്റീനിൽ കഴിയുകയായിരുന്നു. അവരുടെയും കുടുംബാംഗങ്ങളുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ഒറ്റപ്പെടൽ നേരിടുന്നതായാണു പരാതി.
മറ്റുള്ളവരുടെ അകൽച്ച വലിയ മാനസിക സമ്മർദത്തിൽ ആക്കിയെന്നു പറയുന്നു. ക്വാറന്റീനിൽ കഴിഞ്ഞ യുവാക്കൾക്ക് എല്ലാം കോവിഡ് പോസീറ്റീവ് ആണെന്നും അതിനാൽ കുടുംബങ്ങളെ ഒറ്റപ്പെടുത്തണമെന്നും സഹായം ചെയ്യരുതെന്നും ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായാണു പരാതി. ഇവർ നടത്തുന്ന കച്ചവട സ്ഥാപനത്തിനെതിരെയും വ്യാജ പ്രചാരണം അഴിച്ചുവിടുന്നതായി പൂയപ്പള്ളി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനെതിരെ യുവാക്കളുടെ സുഹൃത്തുക്കൾ ‘ഞങ്ങൾക്ക് കൊറോണയില്ല. ദയവായി വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കുക’ എന്നു കാണിച്ചു നാട്ടിൽ പോസ്റ്റർ പ്രചരണവും നടത്തി. രോഗം ഒരാളും മനഃപൂർവം കൊണ്ടുവരുന്നതല്ല.രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്താതെ അവരുമായി സാമൂഹികഅകലം പാലിച്ചു മാനസിക അടുപ്പം ഉണ്ടാക്കണമെന്നാണ് ഇവരുടെ അഭ്യർഥന.