പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം; ഹർജിയുമായി ഫ്രാങ്കോ മുളയ്ക്കൽ

ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജിയില്‍ പറയുന്നു. വിടുതൽ ഹർജി സുപ്രീം കോടതി തീർപ്പു കൽപ്പിക്കും വരെ വിചാരണ നടപടികൾ നിർത്തി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും കേസ് കെട്ടിച്ചതാണെന്നുമാണ് ഫ്രാങ്കോ ഹർജിയിൽ പറയുന്നത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഇരയായ കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും തടസഹര്‍ജി നല്‍കിയിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് തടസ്സഹർജിയിലെ ആവശ്യം. നിലവിൽ കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

കേസിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിച്ചെങ്കിലും ജലന്ദറിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഫ്രാങ്കോ ഹാജരായില്ല.ഇതേ തുടര്‍ന്ന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കോടതി നടപടികളിൽ സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular