ഉത്രയെ ഒഴിവാക്കണമെന്ന് പലവട്ടം സൂരജ് പറഞ്ഞു: സുഹൃത്തുക്കളുടെ മൊഴി ഇങ്ങനെ…

കൊല്ലം: ഉത്ര വധക്കേസിലെ പ്രതി സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യ മൊഴി. കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വനം വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

കേസിലെ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായി സുരേഷും, സൂരജിന്റെ അടുത്ത സുഹൃത്തുക്കളും ഉള്‍പ്പടെ അഞ്ചുപേരാണ് ‌സിആർപിസി 164 – പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി നൽകിയത്. ഒന്നിച്ചു ജീവിക്കാൻ താൽപര്യമില്ലെന്നും എങ്ങനെയെങ്കിലും ഉത്രയെ ഒഴിവാക്കണമെന്നും പലതവണ സൂരജ് പറഞ്ഞിരുന്നുവെന്നാണ് ഒരു സുഹൃത്തിന്റെ മൊഴി.

മാപ്പ് സാക്ഷിയാക്കണമെന്നുള്ള സുരേഷിന്റെ അപേക്ഷ തിങ്കളാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും. ദൃക്സാക്ഷികള്‍ ഇല്ലാത്ത കൊലപാതകമായതിനാല്‍ ഇവയെല്ലാം പ്രോസിക്യൂഷന് സഹായകരമാകുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിഗമനം. സൂരജിന്റെ അമ്മയേയും സഹോദരിയേയും വധക്കേസില്‍ പ്രതിചേര്‍ക്കില്ല.

സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ള സ്ത്രീധന പീധനവും ഗാര്‍ഹിക പീഡനവുമാകും ഇരുവര്‍ക്കുമെതിരെ ചുമത്തുക. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് എസ്പി ഹരിശങ്കർ പറഞ്ഞു. വിവിധ ലാബുകളില്‍ നിന്നുള്ള രാസ, ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഈ മാസം അവസാനത്തോടെ ലഭിക്കും. പ്രതികള്‍ക്കു സ്വഭാവിക ജാമ്യം കിട്ടുന്നത് ഒഴിവാക്കാൻ ഒാഗസ്റ്റ് മാസം ആദ്യം കുറ്റപത്രം സമർപ്പിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ശ്രമം. കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular