തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് എട്ട് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത അനുജിത്തിന്റെ കുടുംബത്തെ സർക്കാർ സഹായിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനുജിത്തിന്റെ ഭാര്യയ്ക്കു ജോലി നൽകണമെന്നും ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ബൈക്ക് അപകടത്തില്‍ പരുക്കേറ്റു മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര, കുളക്കട ഉത്രാടം വീട്ടില്‍ അനുജിത്തിന്റെ അവയവദാന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ കത്ത്. അനുജിത്തിന്റെ വിധവ പ്രിന്‍സിയുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. തികച്ചും മാതൃകാപരമായ പ്രവര്‍ത്തിയാണ് ഈ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ഗുരുതരാവസ്ഥയിലുള്ള 8 രോഗികള്‍ക്കാണ് ഇതിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാനായത്. എന്നാല്‍ ഈ കുടുംബത്തിന്റെ അവസ്ഥ അതിദയനീയമാണ്. അനുജിത്തിന്റെ ഭാര്യ പ്രിന്‍സിയും 3 വയസ്സുള്ള മകന്‍ എഡ്വിനും അനുജിത്തിന്റെ മരണത്തോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന അനുജിത്തിന്റെ തുച്ഛമായ വരുമാനത്തെ ആശ്രയിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയും ഇവര്‍ക്കുണ്ട്.
മകന്റെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും നിരവധി വെല്ലുവിളികളെ തരണം ചെയ്യേണ്ടിവരും. ഈ കുടുംബത്തിന്റെ അതിദയനീയ സാഹചര്യവും, സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിച്ച് പ്രിന്‍സി അനുജിത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ അനുയോജ്യമായ ഒരു ജോലി നല്‍കണമെന്നും, ഈ കുടുംബത്തിന്റെ വായ്പാ ബാധ്യത പരിഹരിക്കുന്നതിനുള്ള പ്രത്യേക ധനസഹായമായി 10 ലക്ഷം രൂപ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല അഭ്യർഥിച്ചു.
Follow on pathram online