തീപിടുത്തമുണ്ടായ കെട്ടിടത്തില്‍നിന്ന് 40 അടി താഴേക്ക് ചാടിയ മൂന്നും പത്തും വയസ്സുള്ള കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഗ്രെനോബിള്‍: തീപിടുത്തമുണ്ടായ കെട്ടിടത്തില്‍നിന്ന് 40 അടി താഴേക്ക് ചാടിയ രണ്ടുകുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഫ്രാന്‍സിലാണ് സംഭവം. താഴെ നില്‍ക്കുകയായിരുന്ന രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്കാണ് കുട്ടികള്‍ ചാടിയത്.

മൂന്നും പത്തും വയസ്സ് പ്രായമുള്ള കുട്ടികളെ ഫ്ളാറ്റിലാക്കി രക്ഷിതാക്കള്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തീപ്പിടുത്തമുണ്ടായതോടെ കുട്ടികള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ഫ്ളാറ്റിനകത്ത് അകപ്പെട്ടു. കുട്ടികളുടെ കരച്ചില്‍ കേട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തിയത്.തുടര്‍ന്ന് ജനല്‍ വഴി കുട്ടികള്‍ താഴേക്ക് ചാടുകയായിരുന്നു.


കുട്ടികളെ പിടിക്കുന്നതിനിടയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 25-കാരന്റെ കൈക്ക് പരിക്കേറ്റു. കുട്ടികള്‍ക്ക് പരിക്കുകളൊന്നുമില്ല. എന്നാല്‍ കനത്ത പുക ശ്വസിക്കേണ്ടി വന്നതിന്റെ അസ്വസ്ഥതകള്‍ ഉണ്ട്.

‘കെട്ടിടത്തിലെ മൂന്നാം നിലയിലുളള ജനലരികില്‍നിന്ന് കുട്ടികള്‍ കരയുന്നത് ഞാന്‍ കണ്ടു. കനത്ത പുക ഉയരുന്നുണ്ടായിരുന്നു. തീപടരുന്നതും എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നതും കേട്ടു. കുട്ടികള്‍ വല്ലാതെ ഭയന്നിരുന്നു. അവര്‍ നിലവിളിക്കുകയായിരുന്നു.’ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എഥോമാനി വാലിദ് പറയുന്നു.

കുട്ടികളെ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കനത്ത പുക ഉയരുന്ന കെട്ടിടത്തിന് താഴെ ആളുകള്‍ കൂടി നില്‍ക്കുന്നതും കുട്ടികള്‍ ഒന്നിനുപിറകേ ഒന്നായി താഴേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം. കനത്ത പുക ഉയരുന്ന കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുന്ന കുട്ടികളെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ താമസക്കാരനാണ് പകര്‍ത്തിയത്.

കുട്ടികളെ രക്ഷപ്പെടുത്തിയ നടപടിയെ ഗ്രെനോബിള്‍ മേയര്‍ എറിക് പയോള്‍ അഭിനന്ദിച്ചു. തീപിടുത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7